
യുവാവിനെ അറ്റ്ലാന്റയിലെ ജയിലില്‍ മൂട്ട ജീവനോടെ തിന്നുവെന്ന പരാതിയുമായി കുടുംബം. മോഷണക്കുറ്റത്തിന് ജയിലടച്ച 35 -കാരനായ ലാഷോര്‍ തോംസണെന്ന യുവാവാണ് ജയിലില്‍ മരിച്ചത്. ഇതിന് പിന്നാലെ യുവാവിന്റെ മരണത്തില്‍ കൃത്യമായ അന്വേഷണം വേണമെന്നും ഇവിടെ നിന്നും ജയില്‍ മാറ്റിസ്ഥാപിക്കണമെന്നുമുളള ആവശ്യം ഉയര്‍ന്നിട്ടുണ്ട.
2022 ജൂണ്‍ 12 -നായിരുന്നു ലാഷോര്‍ തോംസണെ മോഷണക്കുറ്റത്തെ തുടര്‍ന്ന് ജയിലിലടച്ചത്. പിന്നാലെ ഇയാളെ ഫുള്‍ട്ടണ്‍ കൗണ്ടി ജയിലിലേക്ക് മാറ്റി. ഇയാളുടെ മാനസികനില തകരാറിലായിരുന്നുവെന്നും അതിനാല്‍ ഇയാളെ മാനസികാരോഗ്യ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.
ഇതിന് പിന്നാലെ, സെപ്തംബര്‍ 13 -ന് ഇയാളെ തടവുമുറിക്കുള്ളില് അനക്കമില്ലാത്ത രീതിയില്‍ കണ്ടെത്തുകയായിരുന്നു. ശേഷം സിപിആര്‍ നല്‍കിയെങ്കിലും പിന്നീട് തോംസണ്‍ മരിച്ചതായി സ്ഥിരീകരിച്ചു. എന്നാല്‍, ജയിലിന് നേരെ ഗുരുതരമായ ആരോപണങ്ങളാണ് തോംസണിന്റെ കുടുംബവും വക്കീലും ഉന്നയിക്കുന്നത്. വൃത്തിഹീനമായ ജയിലാണ് തോംസണിന്റെ മരണത്തിന് കാരണമായിത്തീര്‍ന്നതെന്നാണ് വീട്ടുകാരുടെയും വക്കീലിന്റെയും ആരോപണം. മൂട്ടകളും പ്രാണികളുമായിരുന്നു ജയില്‍മുറിയില്‍ നിറയെയുണ്ടായിരുന്നത്. ഇവ ജീവനോടെ തിന്നതാണ് തോംസണിനെയെന്നാണ് വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ തോംസണ്‍ മാനസികരോഗിയാണ് എന്നതിനാല്‍ ഉദ്യോഗസ്ഥരില്‍ ഒരാള്‍ സിപിആര്‍ നല്കാന് തയ്യാറായിരുന്നില്ലായെന്നും ആരോപണമുണ്ട്. തോംസണിന് വല്ലാതെ മൂട്ടകടി ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നത്. ജയിലിന്റെ മോശം അവസ്ഥ കാണിക്കുന്ന ചിത്രങ്ങളും തോംസണിന്റെ ചിത്രങ്ങളും പുറത്ത് വന്നിരുന്നു. മരിച്ചയാളുടെ ശരീരം മൂട്ടകള്‍ പൊതിഞ്ഞിരുന്നുവെന്നും എന്നാല്‍ ഇയാളുടെ ശരീരത്തില്‍ മര്‍ദ്ദനമേറ്റതിന്റെ ലക്ഷണമില്ലായെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.






