
സാധാരണ ഗതിയില്‍ ആര്‍ക്കെങ്കിലും പാമ്പു കടിയേറ്റാല്‍ ഉടന്‍ തന്നെ കടിയേറ്റവര്‍ക്ക് പ്രാഥമിക ശുശ്രൂഷകള്‍ നല്‍കേണ്ടത് അനിവാര്യമാണ്. ഇല്ലെങ്കില്‍ മരണം തന്നെ സംഭവിച്ചേക്കാം. എന്നാല്‍ കടിയേറ്റ ആള്‍ക്കൊപ്പം കടിച്ച പാമ്പിനെയും ആശുപത്രിയില്‍ എത്തിച്ചാല്‍ എന്തായിരിക്കും സ്ഥിതി. വിശ്വസിക്കാന്‍ അല്പം പ്രയാസമാണ്. എന്നാല്‍ ഇത്തരത്തില്‍ നടന്ന ഒരു സംഭവമാണ് കാണികളെ ഞെട്ടിച്ചിരിക്കുന്നത്. ഭാര്യയെ കടിച്ച പാമ്പിനെയുമായി ഒരാള്‍ ആശുപത്രിയില്‍ എത്തിയിരിക്കുകയാണ്. ഇതെല്ലാം കണ്ട് ആശുപത്രി അധികൃതര്‍ ഞെട്ടിയിരിക്കുകയാണ്. എന്നാല്‍ ഇതിനുള്ള കാരണം കേട്ടാണ് പലരും കൂടുതല്‍ ഞെട്ടിയത്.
ഉന്നാവോ ജില്ലയിലെ സഫിപൂര്‍ കോട്വാലി പ്രദേശത്തെ ഉമര്‍ അത്വാ ഗ്രാമത്തിലാണ് ഈ അപൂര്‍വ്വ സംഭവം അരങ്ങേറിയിരിക്കുന്നത്. കുസുമ എന്ന സ്ത്രീയെ ഒരു പെരുമ്പാമ്പ് കടിച്ചതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ ആണ് ഇതെല്ലാം. പാമ്പ് കടിയേറ്റ കുസുമത്തിനെ ഉടനെ തന്നെ അയല്‍വാസികള്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍, പിന്നാലെ വീട്ടിലെത്തിയ ഇവരുടെ ഭര്‍ത്താവ് നരേന്ദ്ര പാമ്പുമായി ആശുപത്രിയില്‍ എത്തുകയായിരുന്നു. വീട് വൃത്തിയാക്കുന്നതിനിടയിലാണ് കുസുമത്തിന് പാമ്പ് കടിയേല്‍ക്കുന്നത്. ഉടനെ തന്നെ സ്ത്രീ നിലവിളിക്കുകയും ബോധം കെട്ട് വീഴുകയും ചെയ്തു.
ബോധം നഷ്ടമായ ഇവരെ ഉടനെ തന്നെ ജില്ലാ ആശുപത്രിയിലെ അടിയന്തിര വിഭാഗത്തില്‍ എത്തിച്ചു. പിന്നാലെ ഭര്‍ത്താവ് നരേന്ദ്രയെയും വിവരം അറിയിച്ചു. ഇയാള്‍ ഉടനെ തന്നെ വീട്ടിലെത്തി, പാമ്പിനെ പിടിച്ച് ഒരു സഞ്ചിയിലിട്ടു. അതുമായി നേരെ ആശുപത്രിയിലെത്തി. ഡോക്ടര്‍മാരും ജീവനക്കാരും ആകെ ഞെട്ടിത്തരിച്ചു പോയി. എന്തിനാണ് പാമ്പിനെയും കൊണ്ട് വന്നത് എന്ന ചോദ്യത്തിന് നരേന്ദ്ര കൊടുത്ത മറുപടിയാണ് അതിലും ആളുകളെ ഞെട്ടിച്ചത്. ഏത് പാമ്പാണ് കടിച്ചത് എന്ന് ആശുപത്രിയില്‍ ഉള്ളവര്‍ക്ക് എളുപ്പം മനസിലാകുന്നതിന് വേണ്ടിയാണത്രെ ഇയാള്‍ ഭാര്യയെ കടിച്ച പാമ്പിനേയും ആശുപത്രിയിലേക്ക് കൊണ്ടുവന്നത്. അതാകുമ്പോള്‍ കൃത്യമായ ചികിത്സ കിട്ടുമെന്ന് തോന്നി എന്നും ഇയാള്‍ പറഞ്ഞു.
കാരണം കേട്ട് കാണികള്‍ അമ്പരന്നെങ്കിലും ഇവിടെ ഇതത്ര പുതുമയുള്ള കാര്യമല്ല. കാരണം ഇതിനു മുന്‍പും ഒരാള്‍ ഭാര്യയെ കടിച്ച പാമ്പുമായി ആശുപത്രിയില്‍ എത്തിയിട്ടുണ്ട്.






