
സോള്‍: പ്രമുഖ ദക്ഷിണകൊറിയന്‍ ബാന്‍ഡായ ബിടിഎസിന്റെ പ്രശസ്തനായ റാപ്പര്‍ ജെ ഹോപ്പ് സൈനിക സേവനത്തിലേക്ക്. ദക്ഷിണ കൊറിയയിലെ സൈനികസേവനത്തിനുള്ള പുതിയ പട്ടികയിലാണ് 'ജെ ഹോപ്പ്' എന്ന് ആരാധകര്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന ജംഗ് ഹോസീക്കിന്റെ പേരും വന്നിരിക്കുന്നത്.
ഏപ്രില്‍ 17 നുള്ള ടീമിലാണ് ഹോപ്പിനെയും ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജെ ഹോപ്പിനെ യാത്ര അയയ്ക്കാന്‍ ബിടിഎസിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ജുംഗ്കൂക്കും ലോസ് ഏഞ്ചല്‍സിലെ ഷെഡ്യൂള്‍ ചുരുക്കി ദക്ഷിണകൊറിയയില്‍ എത്തിയിട്ടുണ്ട്. സൈനിക സേവനത്തിന് പോകുന്നതിന് തൊട്ടുമുമ്പായി ആരാധകര്‍ക്കായി തന്റെ അവസാന സന്ദേശം ജെ ഹോപ്പ് പങ്കുവെച്ചിട്ടുണ്ട്.
സൈനികരുടെ ഹെയര്കട്ടോടു കൂടിയ ചിത്രം താരം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒപ്പം താന്‍ ആരോഗ്യത്തോടെ തന്നെ തിരിച്ചുവരുമെന്ന സന്ദേശവും കുറിച്ചിട്ടുണ്ട്. താന്‍ സുരക്ഷിതമായി തിരിച്ചെത്തുമെന്ന് പറഞ്ഞ് വേവേഴ്സിലും താരം പോസ്റ്റ് ഇട്ടിട്ടുണ്ട്.
സൈനികസേവനത്തിനുള്ള തന്റെ ദിവസം അടുത്തുവരുന്നതായി കഴിഞ്ഞ ദിവസം ഹോപ്പ് ആരാധകരെ അറിയിച്ചിരുന്നു. ദിവസം വന്നതോടെ സങ്കടപ്പെരുമഴയുമായി ഏറെ വൈകാരികമായ പോസ്റ്റുകള്‍ കൊണ്ട് ബിടിഎസ് ആര്‍മിയുടെ സാമൂഹ്യമാധ്യമങ്ങളിലെ പേജ് നിറഞ്ഞിരുന്നു. ഹോപ് തന്നോടൊപ്പം ഒരു ദിവസം മാത്രമേ ഇനി അവശേഷിക്കുന്നുള്ളൂ എന്ന് ബിടിഎസിന്റെ മൂത്ത അംഗമായ ജിന്‍ വെവേഴ്സില്‍ കുറിപ്പിട്ടു.
ജെ ഹോപ്പ് തന്റെ നിര്‍ബന്ധിത സൈനിക സേവനം ഉടന്‍ ആരംഭിക്കുമെന്ന് ബിടിഎസിന്റെ മാനേജ്മെന്റ് ഏജന്‍സിയായ ബിഗ്ഹിറ്റ് മ്യൂസിക് കഴിഞ്ഞ മാസം സ്ഥിരീകരിച്ചിരുന്നു. വെവേഴ്സില്‍ പോസ്റ്റ് ചെയ്ത ഒരു പ്രസ്താവനയില്‍, 29 കാരനായ ഗായകന് 'തന്റെ എന്‍ലിസ്റ്റ്മെന്റ് മാറ്റിവയ്ക്കല്‍ അവസാനിപ്പിക്കുന്നതിന്' അപേക്ഷിച്ചതായി ഏജന്‍സി പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറഞ്ഞത്.
പൂര്ണ്ണാരോഗ്യവാന്മാരായ എല്ലാ പൗരന്മാരും സൈനികസേവനം ചെയ്തിരിക്കണം എന്ന് നിര്‍ബ്ബന്ധമുണ്ട്. ഈ നിബന്ധനയില്‍ ലോകപ്രശസ്ത പാട്ടുകാരായ ബിടിഎസ് ബാന്‍ഡില്‍ നിന്നും സൈനിക സേവനത്തിനായി പോയ ആദ്യത്തെയാള്‍ ഏറ്റവും സീനിയറായ ജിന്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ദക്ഷിണ കൊറിയന്‍ ബൂട്ട് ക്യാമ്പില്‍ 18 മാസം വരുന്ന നിര്‍ബന്ധിത സൈനിക സേവനം നടത്തി.






