
തിരുവനന്തപുരം: യുവ സംവിധായിക നയന സൂര്യന്റെ മരണം സ്വാഭാവിക മരണമാണെന്ന വിലയിരുത്തലില്‍ ക്രൈംബ്രാഞ്ച്. ആത്മഹത്യയോ കൊലപാതകമോ ആണെന്നതിനു തെളിവ് ലഭിച്ചിട്ടില്ല. ഇന്നലെ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് മരണകാരണം ഹൃദയാഘാതം ആണെന്നു വിലയിരുത്തുകയും ചെയ്തു. രണ്ട് മുതല്‍ ആറു മണിക്കൂര്‍ വരെ സമയം എടുത്ത് മരണം സംഭവിച്ചതാകാം എന്നാണ് വിലയിരുത്തല്‍.
മെഡിക്കല്‍ കോളജ് ഫോറന്‍സിക് മേധാവി ഡോ. ശ്രീദേവിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണ് ശാസ്ത്രീയ പരിശോധന ഫലങ്ങള്‍ വിലയിരുത്തിയത്. നയന സൂര്യന്റെ മരണം ആത്മഹത്യയോ കൊലപാതകമോ സ്വാഭാവിക മരണമോ എന്നത് പരിശോധിക്കുന്നതിന് വേണ്ടിയാണ് പ്രത്യേക മെഡിക്കല്‍ ബോര്‍ഡിന് രൂപം നല്‍കിയത്. ഈ ബോര്‍ഡാണ് മരണകാരണം മയോകാര്‍ഡിയല്‍ ഇന്ഫ്രാക്ഷനാകാമെന്ന് വിലയിരുത്തിയത്. പത്തോളജി വിദഗ്ധരും ഈ നിഗമനത്തിലാണ് എത്തിയിട്ടുള്ളത്.
കഴുത്തിനേറ്റ ക്ഷതങ്ങള്‍ മറ്റൊരാളുടെ ബലപ്രയോഗം കൊണ്ട് ഉണ്ടായതല്ലന്നും അവര്‍ പറയുന്നു. എന്നാല്‍ മരണകാരണം സംബന്ധിച്ച അന്തിമ നിഗമനത്തില്‍ എത്തിയിട്ടുമില്ല. രേഖകള്‍ പരിശോധിച്ച് 20 ദിവസത്തിനുള്ളില്‍ മെഡിക്കല്‍ ബോര്‍ഡ് അവലോകന റിപ്പോര്‍ട്ട് നല്‍കും. ഈ റിപ്പോര്‍ട്ട് കേസില്‍ നിര്‍ണ്ണായകമാകും. നയനയുടെ മുറിയില്‍ ആരും കടന്നിട്ടില്ലെന്നാണ് അന്വേഷണസംഘത്തിന്റെയും നിഗമനം. നയന കിടന്ന മുറിയുടെ വാതില്‍ അകത്ത് നിന്നും കുറ്റിയിട്ടിരുന്നുവെന്നായിരുന്നു ഫൊറന്‍സിക് റിപ്പോര്‍ട്ട്.
വാതില്‍ തള്ളി തുറന്നാണ് സുഹൃത്തുകള്‍ അകത്ത് കയറിയത്. ഫോണ്‍ വിളിച്ചിട്ടും എടുക്കാത്തതിനാല്‍ സുഹ്യത്തുക്കള്‍ വാതില്‍ തള്ളി തുറന്ന് അകത്ത് കയറിയെന്ന് സാക്ഷി മൊഴിയും ഉണ്ടായിരുന്നു. സാക്ഷികളുടെ സാന്നിദ്ധ്യത്തില്‍ അതേ മുറിയുടെ വാതില്‍ വീണ്ടും തളളി തുറന്ന് പരിശോധന നടത്തിയിരുന്നു.
രണ്ടാഴ്ച മുമ്പ് നടത്തിയ പരിശോധന ക്രൈം ബ്രാഞ്ച് വീഡിയോയില്‍ പകര്‍ത്തിയിരുന്നു. നയന സൂര്യന് വിഷാദ രോഗത്തിന് ചികിത്സ തേടിയിരുന്നു. നയന കഴിച്ച മരുന്നുകള്‍ ഉള്‍പ്പെടെ പരിശോധിച്ചു. ലെനിന് രാജേന്ദ്രന്റെ മരണ ശേഷം വാടക വീട്ടിനുള്ളില്‍ നയനയെ അബോധാവസ്ഥയില്‍ കണ്ടെത്തിയിരുന്നു. കൊല്ലത്തെ വീട്ടില്‍ കൊണ്ടുപോയ ശേഷവും മൂന്നു പ്രാവശ്യം ആശുപത്രിയില്‍ കൊണ്ടു പോയെന്നും ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു.
2019 ഫെബ്രുവരി 24നാണ് വാടകവീട്ടിലെ മുറിയില്‍ നയനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രമേഹ രോഗിയായിരുന്ന നയന രോഗം മൂര്‍ച്ഛിച്ച് കുഴഞ്ഞു വീണ് മരിച്ചതാണെന്നായിരുന്നു പോലീസ് അന്ന് പറഞ്ഞിരുന്നത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കൊലപാതകം ആകാമെന്ന സംശയം ബലപ്പെട്ടു. ഇതേത്തുടര്‍ന്നാണ് ശാസ്ത്രീയമായ പരിശോധനകള്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.






