
ഗ്ലോബൽ താരമായ പ്രിയങ്ക ചോപ്രയ്ക്ക് ആരാധകർ ഏറെയാണ്. വിസ്മയിപ്പിക്കുന്ന അഭിനയ പാടവവും ഫാഷന്‍ സെന്‍സും സൗന്ദര്യവും വിവേകവും കൊണ്ട് ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെട്ടതാണ് താരം. വിവാദങ്ങളിൽ അത്രയധികം കേൾക്കാത്ത ഒരു താരം കൂടിയാണ് പ്രിയങ്ക. എന്നാല്‍ അടുത്തിടെ പ്രിയങ്ക നടത്തിയൊരു പരാമര്‍ശം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ട്രോള്‍ ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഓസ്കര് നേട്ടം വരെ സ്വന്തമാക്കിയ ആര്‍ആര്‍ആര്‍ രാജ്യത്തിന് അഭിമാനമായി മാറിയപ്പോള്‍ ചിത്രത്തെ കുറിച്ച് പരാമര്‍ശിച്ചാണ് താരം അബദ്ധത്തിലായത്.
ഇപ്പോഴിതാ അന്ന് നേരിട്ട ട്രോളുകളെക്കുറിച്ച് സംസാരിക്കുകയാണ് പ്രിയങ്ക. ട്രോള്‍ നേരിട്ടപ്പോള്‍ തനിക്ക് എന്താണ് തോന്നിയതെന്നും താന്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ആളുകള്‍ തെറ്റുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നുവെന്നും ആളുകള്‍ അത് ആസ്വദിക്കുന്നുവെന്ന് താന്‍ കരുതുന്നുവെന്നും മിഡ് ഡെയ്ക്ക് നല്കിയ അഭിമുഖത്തില്‍ പ്രിയങ്ക ചോപ്ര വെളിപ്പെടുത്തി. മുമ്പ് കൂടുതല്‍ സ്വതന്ത്രയായിരുന്നെന്നും എന്നാലിന്ന് പരിഗണിക്കാന്‍ കുടുംബമുള്ളതിനാല്‍ ഇപ്പോള്‍ അല്‍പ്പം ജാഗ്രത പുലര്‍ത്തുന്നതായും നടി പറഞ്ഞു. ഒരാള്‍ ജീവിതത്തില്‍ എത്ര ഉയരത്തില്‍ എത്തുന്നുവോ അത്രത്തോളം ആളുകള്‍ അയാളെ വീഴ്ത്താനുള്ള കാരണം കണ്ടെത്തുമെന്നും പ്രിയങ്ക ചോപ്ര കൂട്ടിച്ചേര്‍ത്തു.
‘‘ഞാന്‍ ചെയ്യുന്ന ഏതൊരു കാര്യത്തിലും ആളുകള്‍ ഒരു തെറ്റ് കണ്ടെത്താന്‍ ശ്രമിക്കുന്നു. ആളുകള്‍ അത് അല്‍പ്പം ആസ്വദിക്കുമെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ മുമ്പ് കൂടുതല്‍ സ്വതന്ത്രയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞാന്‍ കുറച്ചുകൂടി ജാഗ്രതയുള്ളവളാണ്. കാരണം എനിക്ക് ചിന്തിക്കാന്‍ എന്റെ കുടുംബമുണ്ട്. ഒരാള്‍ ജീവിതത്തില്‍ എത്ര ഉയരത്തില്‍ എത്തുന്നുവോ അത്രത്തോളം ആളുകള്‍ അയാളെ വീഴ്ത്താനുള്ള കാരണം കണ്ടെത്തുന്നു. എനിക്ക് എന്റെ കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ആരാധകരില്‍ നിന്നും വളരെയധികം സ്നേഹവും പിന്തുണയുമുണ്ട്. അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്.’’ പ്രിയങ്ക പറഞ്ഞു.
തെലുങ്ക് ബ്ലോക്ബസ്റ്റര്‍ ചിത്രത്തെ തമിഴ് സിനിമ എന്ന് നടന് ഡാക്സ് ഷെപ്പേര്ഡുമായുള്ള പോഡ്കാസ്റ്റ് അഭിമുഖത്തിനിടെ വിശേഷിപ്പിച്ച പ്രിയങ്കയ്ക്കെതിരെ വിമര്‍ശനങ്ങളും ട്രോളുകളും എത്തി. ഹോളിവുഡിനേയും ബോളിവുഡിനേയും താരതമ്യം ചെയ്ത ഡാക്സ് ബോളിവുഡ് ഇപ്പോള്‍ വികസിച്ച് വരികയാണെന്നും അതിന് ഉദാഹരണമാണ് ആര്‍ആര്‍ആര്‍ സിനിമ. എന്നാല്‍ ആര്‍ആര്‍ആര്‍ ബോളിവുഡ് സിനിമയല്ല തമിഴ് സിനിമയാണ് എന്നാണ് പ്രിയങ്ക അവിടെ തിരുത്തി പറഞ്ഞത്. ‘അതൊരു ബ്ലോക്ബസ്റ്റര്‍ തമിഴ് ചിത്രമാണ്. അത് നമ്മുടെ അവഞ്ചേഴ്സ് പോലെയാണ്’ എന്ന് പ്രിയങ്ക പറഞ്ഞു. ഈ സംഭാഷണം വൈറലായതോടെയാണ് താരത്തിനെതിരെ ട്രോളുകള്‍ എത്താന്‍ തുടങ്ങിയത്.
സിറ്റാഡല്‍ സീരീസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ബോളിവുഡ് സിനിമയിലെ പൊളിറ്റിക്സിനെ കുറിച്ച് നടി പറഞ്ഞതും വൈറലായിരുന്നു. ‘‘ഇപ്പോള്‍ നമ്മള് സ്ട്രീമിംഗിന്റെ ലോകത്താണ് ജീവിക്കുന്നത്. കഴിഞ്ഞ അഞ്ച്, പത്ത് വര്‍ഷമായി ഹിന്ദി സിനിമാ മേഖല വളരെയധികം മാറിയിട്ടുണ്ട്. നമുക്ക് മികച്ച പ്രതിഭകളുണ്ട്. എഴുത്തുകാര്‍, സംവിധായകര്‍, അഭിനേതാക്കള്‍ എന്നിങ്ങനെ ഇന്‍സ്ട്രിക്ക് പുറത്ത് നിന്ന് ആളുകള്‍ എത്തുന്നുണ്ട്. എന്നാല്‍ എന്റെ തുടക്കകാലത്ത് അങ്ങനെയായിരുന്നില്ല. മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കണം ജോലിസ്ഥലം പ്രവര്‍ത്തിക്കേണ്ടത്. അവിടെ പോസിറ്റീവ് അന്തരീക്ഷം ഉണ്ടായിരിക്കണം. ബോളിവുഡ് പൊളിറ്റിക്സിന് അപ്പുറം കഥാപാത്രത്തിന് ചേരുന്നയാളെ വേണം കാസ്റ്റിങ് ഡയറക്ടര്‍ തെരെഞ്ഞടുക്കാന്‍’’ എന്ന് പ്രിയങ്ക പറഞ്ഞതാണ് വിവാദമായത്. താരത്തിന്റെ പുതിയ പ്രസ്താവനയും ബോളിവുഡില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്.






