
തിരുവനന്തപുരം : വെളളനാട് കരടി കിണറ്റില്‍ വീണ ചത്ത സംഭവത്തില്‍ വനം വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍. കേന്ദ്ര മന്ത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ മേനക ഗാന്ധി. കേരളത്തിലേത് ഏറ്റവും മോശം വനംവകുപ്പാണെന്നാണ് വിമര്‍ശനം. ചത്തത് അത്യപൂര്‍വ്വം ഇനത്തില്‍പ്പെട്ട കരടിയാണെന്നും കരടിയുടെ മരണത്തിന് ഇടയാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും മേനക ഗാന്ധി പറഞ്ഞു..
കരടിയെ വെടിവെച്ച ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യണെമെന്നാണ് ആവശ്യം. കഴിഞ്ഞ ദിവസമാണ് വെള്ളനാട്ട് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ കിണറ്റില്‍ കരടി വീണതും രക്ഷിക്കാനുള്ള ശ്രമം ദുരന്തമായി മാറിയതും.
കിണറ്റിലെ വലയില്‍ കുടുങ്ങിക്കിടന്ന കരടിയെ മയക്കുവെടി വച്ച് കരയ്ക്കെത്തിക്കാനാണ് ശ്രമിച്ചതെങ്കിലും മുന്നൊരുക്കമില്ലാതെ നടത്തിയ രക്ഷാദൗത്യം കരടിക്ക് ദുരന്തമായി. മയക്കുവെടിയേറ്റ് മയങ്ങിയതോടെ കരടിക്ക് കിണറിന്റെ ഭിത്തിയിലുള്ള പിടി വിടുകയും ഭാരം കിണറിന്റെ ആഴങ്ങളിലേക്ക് മുങ്ങിപ്പോകുകയുമായിരുന്നു. ഒരു മണിക്കൂറോളം വെള്ളത്തില്‍ മുങ്ങിക്കിടന്ന കരടിയെ ഫയര്‍ ഫോഴ്സ് എത്തി പുറത്തെടുത്തുവെങ്കിലും ജീവന് നഷ്ടമായിരുന്നു. കിണറിന്റെ ആഴമോ, വെള്ളത്തിന്റെ അളവോ ഊഹമില്ലാതെയാണ് വനംവകുപ്പ് കരടിയെ മയക്കുവെടിവച്ചത്.
കരടി ആരോഗ്യവാനാണെന്നും പുറത്തെടുത്ത് മയക്കം വിട്ടാലുടന്‍ കാട്ടിലേക്ക് തുറന്നുവിടാമെന്ന പ്രതീക്ഷയിലായിരുന്നു ഉദ്യോഗസ്ഥര്‍. മയക്കുവെടി ഏറ്റ കരടി വലയില്‍ നിന്ന് ചെരിഞ്ഞ് കിണറ്റിന്റെ ആഴങ്ങളിലേക്ക് താഴ്ന്നുപോകുകയായിരുന്നു. കിണറ്റിലിറങ്ങി കരടിയെ പുറത്തെടുക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും കിണറ്റിലിറങ്ങി. എന്നാല്‍ കിണറ്റില്‍ ശ്വാസം കിട്ടാതെ ഇവര്‍ക്ക് തിരിച്ചുകയറേണ്ടി വന്നു. തുടര്‍ന്ന് മോട്ടോര്‍ എത്തിച്ച് വെള്ളം വറ്റിച്ച് കരടിയെ പുറത്തെടുക്കാന്‍ ശ്രമിച്ചു. എന്നാല്‍ കൊണ്ടുവന്ന മോട്ടോറുകളില്‍ ഒന്ന് കിണറ്റിലേക്ക് വീണതോടെ ആ ശ്രമം ഉപേക്ഷിച്ചു.
ഇതിനിടെ പോലീസും ഫയര്‍ ഫോഴ്സും രക്ഷാപ്രവര്‍ത്തനത്തിനെത്തി. രണ്ട് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ കിണറ്റില്‍ ഇറങ്ങി ഏറെ പാടിപെട്ട് കരടിയെ വടംകെട്ടി ഉയര്‍ത്തി. തുടര്‍ന്ന് വയലിലാക്കി കിണറ്റിന് പുറത്തെത്തിക്കുകയായിരുന്നു. മയക്കുവെടിയേറ്റ് മുങ്ങിയ കരടി അബോധാവസ്ഥയില്‍ 20 മിനിറ്റിലേറെ വെള്ളത്തിനടിയില്‍ കഴിഞ്ഞതോടെ ചത്തിരിക്കാമെന്ന് മയക്കുവെടിവച്ച ഡോക്ടര്‍ ജേക്കബ് അലക്സാണ്ടര്‍ പറഞ്ഞു. രാത്രി പത്തേകാലോടെ കിണറ്റില്‍ വീണ കരടി പൂര്‍ണ്ണ ആരോഗ്യവാനായാണ് 11 മണിക്കൂര്‍ കിണറ്റില്‍ കഴിഞ്ഞിരുന്നത്. മയക്കുവെടി ഏല്ക്കും വരെ തലയെടുപ്പോടെ കഴിഞ്ഞ കരടിയ്ക്കാണ് വനംവകുപ്പിന്റെ പിടിപ്പുകേടില്‍ ജീവന് നഷ്ടമായത്.






