
കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഒരു ഭൂപ്രദേശത്തിന്റെ ആകാശ ദൃശ്യം വളരെ ശ്രദ്ധ നേടിയിരുന്നു. പോളണ്ടിലെ ഒരു ആകാശദൃശൃമായിരുന്നു ഇത്. ഈ ചിത്രത്തില്‍ കാണുന്ന പ്രദേശത്തെ വീടുകളെല്ലാം ഒരു നിശ്ചിത പ്രദേശത്ത് മാത്രമായി കേന്ദ്രീകരിക്കപ്പെട്ട നിലയിലാണ്. ബാക്കിയുള്ള പ്രദേശം മുഴുവനും മനോഹരമായ രീതിയില്‍ ആളുകള്‍ കൃഷിക്കായി ഉപയോഗിച്ചിരിക്കുന്നു.
ഒരു തെരുവില്‍ ഏകദേശം 6,000 ത്തോളം ആളുകളാണ് ഇവിടെ വീടുകള്‍ നിര്‍മ്മിച്ച് താമസിക്കുന്നത്. ഇവിടത്തെ മറ്റ് പ്രദേശങ്ങളാകട്ടെ ഒഴിഞ്ഞും കിടക്കുന്നു. തെക്കന്‍ പോളണ്ടിലെ ക്രാക്കോ കൗണ്ടിയിലുള്ള സുലോസോവ എന്ന പട്ടണത്തിലാണ് ഇങ്ങനെ വ്യത്യസ്തമായ രീതിയില്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്നത് കാണാനാകുന്നത്. ഒരു തെരുവിനു ചുറ്റും കൂട്ടമായി ആളുകള്‍ താമസിക്കുന്നു എന്നതാണ് ഇവിടത്തെ പ്രധാന പ്രത്യേകതയായി കാണാനാകുന്നത്. ഇത്തരത്തില്‍ ഏകദേശം 9 കിലോമീറ്റര്‍ നീളത്തിലാണ് ആളുകള്‍ ഇവിടെ തിങ്ങിപ്പാര്‍ക്കുന്നത്. പോളണ്ടിലെ ഏറ്റവും നീളം കൂടിയ പട്ടണമാണിത്.
സുലോസോവയില് നമ്മെ ആകര്‍ഷിക്കുന്ന പ്രധാന കാഴ്ചയെന്നത് കിലോമീറ്ററുകളോളം നീളത്തില്‍ നീണ്ടു കിടക്കുന്ന വീടുകളും ഇതിന് ഇരുവശവുമായി കാണപ്പെടുന്ന പച്ചപ്പുനിറഞ്ഞ കൃഷിഭൂമിയുമാണ്. നഗരത്തിലെ എല്ലാ വീടുകളും തെരുവിന്റെ ഇരുവശങ്ങളിലായാണ് സ്ഥിതി ചെയ്യുന്നത്. കണ്ണുകള്‍ക്ക് സുന്ദര കാഴ്ചകള്‍ പകരുന്ന സുലോസോവ 'ലിറ്റില്‍ ടസ്കാനി' എന്നാണ് അറിയപ്പെടുന്നത്. നല്ലൊരു വിനോദസഞ്ചാര കേന്ദ്രം കൂടിയായ ഈ പട്ടണത്തില്‍ സിഎസ്ഒ പോളണ്ടിന്റെ കണക്കനുസരിച്ച്, 2017 ല്‍ 5,819 ആയിരുന്നു ജനസംഖ്യ.






