
ദുബായ്: കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ഇന്ത്യയുടെ ടെന്നീസ് റാണി സാനിയാ മിര്‍സ ഭര്‍ത്താവും പാക് ക്രിക്കറ്റ് താരവുമായ ഷൊയബ് മാലിക്കും വേര്‍പിരിയുന്നതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നത്. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ നിന്ന് സാനിയ ഷൊയ്ബ് മാലിക്കിനെ പിന്തുടരുന്നത് നിര്‍ത്തിയതോടെയാണ് ആരാധകര്‍ക്കിടയില്‍ ഇത്തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നത്.
ഷൊയബ് മാലിക്കിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെയ്ക്കുകയോ അദ്ദേഹത്തിന്റെ പോസ്റ്റിനോട് പ്രതികരിക്കുകയോ ചെയ്യാതിരുന്നതോടെ ഈ ഊഹാപോഹം കൂടുതല്‍ ശക്തമാകുകയും ചെയ്തു. ഇതിന് പിന്നാലെ ഈദ് ദിനത്തില്‍ മകന് ഇസാന് മാലിക്കുമൊത്തുള്ള ഇഫ്താറിന്റെ സാനിയ പോസ്റ്റ് ചെയ്ത ഫോട്ടോയിലും ഉംറ ചെയ്യാനായി സൗദി അറേബ്യയില്‍ പോയപ്പോള്‍ പങ്കുവെച്ച ചിത്രത്തില്‍ ഷൊയബ് മാലിക്കോ അദ്ദേഹത്തിന്റെ പോസ്റ്റോ കണ്ടുമില്ല. ഇതോടെ പരസ്പരം പിരിഞ്ഞു നില്‍ക്കുകയാണെന്ന് വാര്‍ത്തവന്നു. എല്ലാറ്റിനും ഒടുവില്‍ തങ്ങളുടെ ബന്ധത്തില്‍ സംഭവിച്ച കാര്യത്തെക്കുറിച്ച് തുറന്നു പറഞ്ഞ് രംഗത്ത് വന്നിരിക്കുയാണ് പാകിസ്താന് ക്രിക്കറ്റ് ടീമിന്റെ മുന്‍ നായകന്.
തങ്ങള്‍ രണ്ടു രാജ്യത്തില്‍ നിന്നുള്ളവരാണെന്നും ഇരുവര്‍ക്കും അവരവരുടേതായ കാര്യങ്ങള്‍ ഉണ്ടെന്നും എല്ലാവരും മനസ്സിലാക്കണമെന്ന് ഷൊയബ് പറഞ്ഞു. ഈദ് പ്രിയപ്പെട്ട ആളുകളുമായി കഴിയേണ്ട ദിവസമാണ്. എന്നാല്‍ ഞാന്‍ അവളെ ഏറെ മിസ് ചെയ്യുന്നു. അവര്‍ക്ക് ഐപിഎല്ലുമായി ബന്ധപ്പെട്ട ഷോകളുടെ ചുമതലയുണ്ട്. അതുകൊണ്ട് ഒരുമിച്ചുണ്ടാകാനായില്ല. ഈദില് ഒരുമിച്ച് ഉണ്ടായിരുന്നെങ്കില്‍ മഹത്തരമായേനെ. ഞങ്ങള്‍ എപ്പോഴുമെന്ന പോലെ ഇപ്പോഴും സ്നേഹം പങ്കിടുന്നു. തങ്ങളുടെ ദാമ്പത്യം ഇപ്പോഴും ശക്തമായി തുടരുന്നുണ്ട്. വേര്‍പിരിയല്‍ സംബന്ധിച്ച വാര്‍ത്തകള്‍ക്ക് ചെവികൊടുക്കേണ്ട കാര്യമില്ലെന്ന് ഞങ്ങള്‍ക്ക് രണ്ടുപേര്‍ക്കും അറിയാം അതുകൊണ്ടാണ് ഒരുമിച്ചുള്ള ഒരു പ്രസ്താവനയും നടത്താത്തത്. അവളെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും താരം പറഞ്ഞു.
2010 ലാണ് സാനിയയും ഷൊയബും വിവാഹിതരായത്. 2018 ലായിരുന്നു ഇവര്‍ക്ക് മകന് ഇസാന് മിര്‍സ ജനിച്ചത്. പ്രൊഫഷണല്‍ ടെന്നീസില്‍ നിന്നും വിരമിച്ച സാനിയ ഇപ്പോള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്നത് കുടുംബത്തോടൊപ്പമാണ്. ജനുവരിയില്‍ നടന്ന ഓസ്ട്രേലിയന്‍ ഓപ്പണോടെയാണ് ഗ്രാന്‍സ്ളാം കരിയര്‍ സാനിയ അവസാനിപ്പിച്ചത്. ഡബ്ള്യൂടിഎ ദുബായ് ഡ്യൂട്ടിഫ്രീ ചാംപ്യന്‍ഷിപ്പിലാണ് സാനിയ അവസാനമിറങ്ങിയത്. ഷൊയബ് മാലിക്കും ക്രിക്കറ്റ് കരിയര്‍ അവസാനിപ്പിച്ചിരിക്കുകയാണ്. പാക് ക്രിക്കറ്റ് ലീഗിലാണ് താരം ഇപ്പോള്‍ കളിക്കുന്നത്.






