
തിരുവനന്തപുരം: എ.ഐ ക്യാമറ വിവാദം കനക്കുന്നു. പദ്ധതിയുടെ മറവില്‍ കോടികളുടെ കമ്മീഷന് പ്രമുഖര്‍ അടങ്ങുന്ന ഗൂഢസംഘത്തിനു ലഭിച്ചതായി സംശയം. അതേസമയം, നിരത്തുകളിലെ മരണനിരക്ക് കുറയ്ക്കാന്‍ ഗതാഗത വകുപ്പ് നടത്തിയ നീക്കങ്ങള്‍ക്കു വിവാദം തിരിച്ചടിയായതിന്റെ നിരാശയില്‍ ഗതാഗത വകുപ്പും.
കോടികള്‍ മുടക്കി വാങ്ങിയ എ.ഐ ക്യാമറകള്‍ പദ്ധതിയുടെ ഉദ്ഘാടനം കഴിഞ്ഞ് അഞ്ച് ദിവസമാകുമ്പോഴും പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടില്ല. മുന്നറിയിപ്പ് നോട്ടീസ് അയയ്ക്കുന്നതിനെ ചൊല്ലി കെല്‍ട്രോണും മോട്ടോര്‍വാഹന വകുപ്പും തമ്മിലുള്ള തര്‍ക്കമാണ് കാരണം. നിയമലംഘകര്‍ക്ക് ഒരുമാസത്തേക്ക് പിഴയീടാക്കാതെ മുന്നറിയിപ്പ് നോട്ടീസ് അയക്കാനായിരുന്നു തീരുമാനം.
പിഴയീടാക്കാതെ മുന്നറിയിപ്പ് നോട്ടീസ് അയയ്ക്കണമെങ്കില്‍ അതിന് രേഖാമൂലം പ്രത്യേക ഉത്തരവ് നല്‍കണമെന്നാണ് കെല്‍ട്രോണിന്റെ ആവശ്യം. വിവാദം കൊഴുക്കുമ്പോഴും, ക്യാമറ സ്ഥാപിച്ചതിനു പിന്നാലെ റോഡിലെ നിയമലംഘനങ്ങള്‍ കുറഞ്ഞെന്നാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ കണ്ടെത്തല്‍. കാല് ലക്ഷത്തോളം നിയമലംഘനങ്ങളാണ് ഒരാഴ്ചകൊണ്ട് കാമറയില്‍ കുടുങ്ങിയത്.
എ.ഐ കാമറകളുടെ ഉദ്ഘാടനത്തിന് മുന്‍പ് പ്രതിദിനം നാല് ലക്ഷത്തോളം പേര് കാമറയില്‍ കുടുങ്ങി. എന്നാല്‍ 20ന് ശേഷം നിയമലംഘകരുടെ എണ്ണം പ്രതിദിനം ശരാശരി രണ്ടര ലക്ഷമായി കുറഞ്ഞു.
അതിനിടെ, ആരോപണം നേരിടുന്ന എസ്.ആര്.ഐ.ടി കമ്പനിയുമായുള്ള ബന്ധം അവസാനിപ്പിച്ചെന്ന ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയുടെ വാദം തെറ്റെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്തുവന്നു. 2018 ല്‍ സംയുക്ത സംരംഭം പിരിച്ചുവിട്ടെന്നാണ് ഊരാളുങ്കലിന്റെ അവകാശവാദം. എന്നാല്‍ 2022 വരെയും ഓഡിറ്റ് റിപ്പോര്‍ട്ട് തയാറാക്കിയതായി രേഖകള്‍ പറയുന്നു. എന്നാല്‍ കാമറ സ്ഥാപിച്ചതുമായി ബന്ധമില്ലെന്ന് ഉപകരാര്‍ ലഭിച്ച കോഴിക്കോട് പ്രസേഡിയോ കമ്പനി വ്യക്തമാക്കി.
ആശുപത്രി സോഫ്റ്റ്വെയര് വികസന പദ്ധതിയുമായി ബന്ധപ്പെട്ട് 2016 ല്‍ എസ്.ആര്.ഐ.ടിയുമായി ചേര്‍ന്ന് സംയുക്ത സംരംഭം ആരംഭിച്ചിരുന്നു. എന്നാല്‍ പദ്ധതി അവസാനിച്ചതോടെ 2018ല്‍ ഇത് പിരിച്ചുവിട്ടു. 202021, 202122 സാമ്പത്തിക വര്‍ഷങ്ങളില്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ രണ്ടു കമ്പനികളുടെയും ഡയറക്ടര്‍മാരും ഒപ്പിട്ടിട്ടുണ്ട്. ജില്ലകളില്‍ കണ്ട്രോള് റൂം സജ്ജമാക്കുന്ന ജോലികള്‍ ഏറ്റെടുത്തതായി പ്രസേഡിയോ കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 14 കോടി രൂപയുടെ പ്രൊജക്ട്.
ഒന്നരവര്‍ഷം മുമ്പ് തന്നെ എല്ലാ ജില്ലകളിലും കണ്ട്രോള് റൂമുകള്‍ സജ്ജമാക്കിയെന്നും ചെയ്ത ജോലിയുടെ 80 ശതമാനം പണവും എസ്.ആര്.ഐ. ടി നല്‍കിയെന്നും ഡയറക്ടര്‍മാരിലൊരാളായ ഒ.ബി രാംജിത്ത് പറഞ്ഞു. രാഷ്ട്രീയനേതാക്കളുമായി ബന്ധമില്ല. 2018 ലാണ് കമ്പനി റജിസ്റ്റര്‍ ചെയ്തത്. ഉപകരാറിനായി എസ്.ആര്.ഐ.ടിയെ അങ്ങോട്ട് സമീപിച്ചുവെന്നത് ശരിയാണ്.
തുടക്കത്തില്‍ മാസ്റ്റര്‍ ലൈറ്റനിങ് ഇന്ത്യ കമ്പനിയുമായി ചേര്‍ന്ന് 151 കോടിയുടെ കരാര്‍ എസ്.ആര്.ഐ.ടിയുമായി ഒപ്പിട്ടിരുന്നു. പക്ഷേ മുന്നോട്ടുപോകാന്‍ കഴിയാതെ വന്നതോടെ കരാര്‍ റദ്ദാക്കി. ഉത്തരേന്ത്യയിലടക്കം പ്രധാന പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുന്ന കമ്പനിയാണ് പ്രസേഡിയോയെന്നും രാംജിത്ത് വ്യക്തമാക്കി.






