
മലയാളത്തിന്റെ ഹാസ്യസാമ്രാട്ടിനു വിട. മലബാറിന്റെ മൊഞ്ചുള്ള കോഴിക്കോടന്‍ ഭാഷയെ തന്റെ സംഭാഷണങ്ങളിലൂടെ മലയാള സിനിമയ്ക്ക് നല്കിയ മഹാനടന്. 1979 ല്‍ നിലമ്പൂര്‍ ബാലന് സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് അരങ്ങേറ്റം കുറിച്ചെങ്കിലും സത്യന് അന്തിക്കാട് സിനിമകളിലൂടെ തിരക്കേറിയ നടന് എന്ന നിലയില്‍ എത്തപ്പെട്ടു. കൃത്രിമത്വം ഒട്ടുമില്ലാതെ വളരെ സ്വാഭാവികമായി അഭിനയിയ്ക്കാന്‍ കഴിയുന്ന നടനാണ് മാമുക്കോയ. തഗ്ഗുകള്‍ കൊണ്ട് മലയാള സിനിമയെ ഞെട്ടിച്ച ഈ കോഴിക്കോടുകാരന്റെ വിയോഗം മലയാള സിനിമയ്ക്ക് തീരാ നഷ്ടമാണ്.
മാമൂക്കോയ എന്നു കേള്‍ക്കുമ്പോള്‍ തന്നെ എല്ലാവരുടേയും മനസില്‍ ആദ്യമെത്തുക നാടോടിക്കാറ്റിലെ ഗഫൂറാണ്. തട്ടിപ്പുകാരന് ഗഫൂറിനെ മറക്കാത്ത മലയാളികളില്ല. ക്ലെച്ച് കുഴിച്ചിടുമ്പോള്‍ ഗിയര്‍ വലിച്ചൂരിയെടുക്കണമെന്നു പറയുന്ന തലയണമന്ത്രത്തിലെ കുഞ്ഞനന്ദന് മേസ്തിരി, മഴവില്‍ക്കാവടിയിലെ കുഞ്ഞിഖാദര്‍, കണ്‍കെട്ടിലെ വിറപ്പിയ്ക്കുന്ന ഗുണ്ട കീലേരി അച്ചു, ഡാ ബാലഷ്ണ.... എന്ന വിളിയില്‍ കരളലിയിപ്പിയ്ക്കുന്ന റാംജിറാവു സ്പീക്കിംഗിലെ ഹംസക്കോയ, ഡോക്ടര്‍ പശുപതിയിലെ വേലായുധന് കുട്ടി, വരവേല്‍പ്പിലെ ഹംസ, കളിക്കളത്തിലെ പോലീസുകാരന് ഉണ്ണി നായര്‍, മേഘത്തിലെ കുറുപ്പ്, പെരുമഴക്കാലത്തിലെ അബ്ദു,നരേന്ദ്രന് മകന് ജയകാന്തനിലെ സമ്പീശന്‍, പട്ടാളത്തിലെ ഹംസ, കൗതുക വാര്‍ത്തകളിലെ അഹമ്മദ് കുട്ടി, ധ്വനിയിലെ മാമു, അടിമകള്‍ ഉടമകളിലെ പോക്കര്, പൊന്മുട്ടയിടുന്ന താറാവിലെ അബൂബക്കര്‍, വരല്േപ്പിലെ അപ്പുണ്ണി, പാവം പാവം രാജകുമാരനിലെ ശങ്കരേട്ടന്, സസ്നേഹത്തിലെ അപ്പുക്കുട്ടന്, വക്കീല്‍ വാസുദേവനിലെ എസ്ഐ ജബ്ബാര്‍, ചകോരത്തിലെ പൂക്കുഞ്ഞ്, പുന്നാരത്തിലെ മഹാദേവന്, പട്ടണത്തില്‍ സുന്ദരനിലെ കണാരന്, ഫ്രീഡത്തിലെ മൂസക്ക, വെട്ടത്തിലെ ഹംസ, ഉസ്ദാത് ഹോട്ടലിലെ ഉമ്മര്‍, മരയ്ക്കാര്‍ അറബിക്കടലിലെ സിംഹത്തിലെ അബൂബക്കര്‍ ഹാജി, മിന്നല്‍ മുരളിയിലെ ഡോക്ടര്‍ നാരായണന് അങ്ങനെ പോകുന്നു മാമൂക്കോയ അനശ്വരമാക്കിയ സിനിമകള്‍.






