
കോഴിക്കോട്: മലയാള സിനിമയില്‍ കോഴിക്കോടന്‍ ചിരിയഴക് അഴിച്ചുവച്ച് മടങ്ങിയ നടന് മാമുക്കോയയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി. വീട്ടിലെ പ്രാര്‍ത്ഥനകള്‍ക്ക് ശേഷം രാവിലെ 9.45 ഓടെ ഭൗതികദേഹം അരക്കിണര്‍ മുജാഹിദ് പള്ളിയില്‍ എത്തിച്ച. പള്ളിയിലെ മയ്യത്ത് നിസ്കാരത്തിനു ശേഷം കണ്ണംപറമ്പ് പള്ളിയിലേക്ക് കൊണ്ടുപോയി. 10.15 ഓടെ പള്ളിയിലെത്തിച്ച ഭൗതികദേഹം മയ്യത്ത് നിസ്കാരത്തിനു ശേഷം ഖബറസ്ഥാനിലേക്ക് എടുത്തു. ഔദ്യോഗിക ബഹുമതികളോടെയാണ് മാമുക്കോയയെ നാട് യാത്രയാക്കുന്നത്.
കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ ഉച്ചയ്ക്ക് 1.05നായിരുന്നു മാമുക്കോയയുടെ അന്ത്യം. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. 24 നു രാത്രി മലപ്പുറം കാളികാവ് പൂങ്ങോടില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിനെത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്നു കോഴിക്കോട് മെയ്ത്ര ആശുപത്രിയിലേക്കുമാറ്റി. നേരത്തെ കാന്‍സറിനും ഹൃദയസംബന്ധമായ അസുഖത്തിനും ചികിത്സയിലായിരുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞ് 3.45 മുതല്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതുദര്‍ശനത്തിനു വച്ച മൃതദേഹത്തില്‍ ആയിരക്കണക്കിനാളുകള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. രാത്രി ഒന്‍പതോടെ മൃതദേഹം ബേപ്പൂര്‍ അരക്കിണറിലെ അല്സുമ വസതിയിലേക്കു കൊണ്ടുപോയിരുന്ന. രാത്രി വൈകിയും അദ്ദേഹത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ വീട്ടിലേക്ക് ആളുകള്‍ എത്തിക്കൊണ്ടിരുന്നു.
ഭാര്യ: സുഹറ. മക്കള്‍: നിസാര്‍, ഷാഹിദ, നാദിയ, അബ്ദുള്‍ റഷീദ്. മരുമക്കള്‍: അബ്ദുള്‍ ഹബീബ് (ഖത്തര്‍), സക്കീര്‍ ഹുസൈന് (കെ.എസ്.ഇ.ബി), ജസി, ഫസ്ന. കോഴിക്കോട് ചാലിക്കണ്ടിയില്‍ മുഹമ്മദിന്റെയും ഇമ്പിച്ചി ആയിഷയുടെയും മകനായി 1946 ജൂലൈ അഞ്ചിനു കോഴിക്കോട് പള്ളിക്കണ്ടിയിലാണു ജനനം. കോഴിക്കോട് എം.എം. ഹൈസ്കൂളില്‍നിന്ന് പത്താം ക്ലാസ് ജയിച്ച അദ്ദേഹം കല്ലായിയില്‍ മരം അളക്കുന്ന ജോലിയില്‍ പ്രവേശിച്ചു. നാടകരംഗത്തുനിന്നാണു സിനിമയിലെത്തിയത്. വൈക്കം മുഹമ്മദ് ബഷീര്‍, കെ.ടി. മുഹമ്മദ്, തിക്കോടിയന്, നിലമ്പൂര്‍ ബാലന്, വാസു പ്രദീപ്, കുഞ്ഞാണ്ടി തുടങ്ങിയവരുടെ കൂടെ പ്രവര്‍ത്തിച്ചു.
കോഴിക്കോടന്‍ ഭാഷയുടെ മനോഹരശൈലിയെ അദ്ദേഹം ജനകീയമാക്കി. സംസ്ഥാന സര്‍ക്കാര്‍ ആദ്യമായി ഹാസ്യനടന് അവാര്‍ഡ് ഏര്‍പ്പെടുത്തിയ 2008ല്‍ 'ഇന്നത്തെ ചിന്താവിഷയ'ത്തിലെ അഭിനയത്തിലൂടെ മാമുക്കോയ അവാര്‍ഡിന് അര്‍ഹനായി. 1979ല്‍ നിലമ്പൂര്‍ ബാലന് സംവിധാനം ചെയ്ത 'അന്യരുടെ ഭൂമി' എന്ന ചിത്രത്തിലൂടെ സിനിമാ ജീവിതത്തിനു തുടക്കമിട്ട അദ്ദേഹം, 'ദൂരെ ദൂരെ ഒരു കൂടു കൂട്ടാം' എന്ന ചിത്രത്തില്‍ ചെയ്ത അറബി മുന്‍ഷിയുടെ വേഷം ശ്രദ്ധിക്കപ്പെട്ടു. 'പെരുമഴക്കാല'ത്തിലെ അഭിനയം 2004 ല്‍ സംസ്ഥാന പുരസ്കാര ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി.