
മലയാളത്തിന്റെ സ്വന്തം ഹാസ്യസാമ്രാട്ടായി നാലു പതിറ്റാണ്ടോളം നിറഞ്ഞു നിന്നിരുന്ന മാമുക്കോയുടെ വേര്‍പാടി സഹപ്രവര്‍ത്തകര്‍ക്കും സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കും ഏറെ വിഷമമുണ്ടാക്കിയ ഒന്നാണ്. സിനിമാമേഖലയിലെ താരങ്ങളില്‍ മിക്കവരും ഈ വേര്‍പാടിന്റെ ആഴം കുറിപ്പുകളിലൂടെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. ഹൃദയസ്പര്‍ശിയായ വരികളിലൂടെയാണ് ചലച്ചിത്ര നിർമാതാവ് സുപ്രിയാ മേനോൻ. അദ്ദേഹത്തോട് ബഹുമാനം മാത്രമാണുള്ളതെന്നും ഏകമനസോടെ ജോലിയോടുള്ള സമർപ്പണമായിരുന്നു അദ്ദേഹത്തിനെന്നും സുപ്രിയ കുറിച്ചു.
‘‘കുരുതിയുടെ സെറ്റിൽ ഷോട്ടുകൾക്കിടയിൽ അദ്ദേഹം ഇരിക്കുമ്പോഴാണ് ഞാൻ ഈ ചിത്രം എടുത്തത്. ബഹളമില്ല, സഹായികളില്ല, പരിവാരങ്ങളില്ല, ഷോട്ടുകൾക്കിടയിൽ കാരവാനിലേക്ക് പോകില്ല, ജോലി ചെയ്യാനുള്ള ഏകമനസ്സോടെയുള്ള സമർപ്പണം. എത്ര മനോഹരമായ വ്യക്തി. ഏറെ ബഹുമാനിക്കുന്നു. സമാധാനത്തിൽ വിശ്രമിക്കുക സർ...’’ കുരുതി എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചെടുത്ത ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു സുപ്രിയയുടെ കുറിപ്പ്.
‘കുരുതി’ എന്ന ചിത്രത്തിൽ മാമുക്കോയ അവതരിപ്പിച്ച മൂസാ ഖാലിദ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ നിർമ്മിച്ച ഈ ചിത്രം ഓ.ടി.ടി റിലീസായിട്ടാണ് എത്തിയത്. മാമുക്കോയയുടെ സിനിമാ ജീവിതത്തിലെ വ്യത്യസ്തമായ വേഷങ്ങളിലൊന്നുകൂടിയായിരുന്നു കുരുതി എന്ന സിനിമയിലേത്.






