
ബൈജൂസ് ആപ്പില്‍ ഇ.ഡിയുടെ അന്വേഷണം. മലയാളിയായ ബൈജു രവീന്ദ്രന് സ്ഥാപിച്ച പ്രമുഖ എഡ് ടെക് പ്ലാറ്റ്ഫോമായ ബൈജൂസ് കമ്പനിക്കെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. ബാംഗ്ലൂരിലെ ശബെജൂസിന്റെ ഓഫീസിലാണ് ഇഡി റെയ്ഡ് നടത്തിയത്. ബാംഗ്ലൂരിലെ ബൈജു രവീന്ദ്രന്റെ വീട്ടിലും ഭവാനി നഗറിലുള്ള ഓഫീസ് സമുച്ചയത്തിലുമായിരുന്നു റെയ്ഡ്. നിരവധി ഡിജിറ്റല്‍ രേഖകള്‍ ഉള്‍പ്പെടെ പിടിച്ചെടുത്തെന്ന് ഇഡി സംഘം വ്യക്തമാക്കി.
സ്വകാര്യ വ്യക്തികള്‍ നല്കിയ പരാതികളിലാണ് ബൈജൂസിനെതിരെ ഇഡി കേസെടുത്തത്. ഇതിനു മുന്‍പും ബൈജൂസ് ആപ്പിനെതിരെ പരാതി ലഭിച്ചിരുന്നു. വിദേശ ഫണ്ട് സ്വീകരിച്ചത് സംബന്ധിച്ചുള്ള പരിശോധനകളാണ് നടന്നത്. 28,000 കോടി രൂപയാണ് 2011 മുതല്‍ 2023 വരെ ബൈജൂസിന് ആപ്പിന് വിദേശ നിക്ഷേപമായി കിട്ടിയത്. വിദേശത്ത് പലയിടങ്ങളിലായി 9754 കോടി രൂപ ബൈജൂസ് നിക്ഷേപിച്ചിട്ടുണ്ട്. 2020-21 സാമ്പത്തിക വര്‍ഷത്തെ സാമ്പത്തിക രേഖകള്‍ ബൈജൂസ് സമര്‍പ്പിച്ചിട്ടില്ല. വിദേശ ധന വിനിമയ നിയമം അനുസരിച്ചായിരുന്നു പരിശോധന.
എന്നാല്‍ അന്വേഷണത്തിന്റെ ഭാഗമായി ബൈജു രവീന്ദ്രന് പലതവണ സമന്‍സ് നല്‍കിയെങ്കിലും ഹാജരാകാന്‍ ഇയാള്‍ കൂട്ടാക്കിയില്ല. എന്നാല്‍ ഇതൊരു പതിവ് പരിശോധന മാത്രമാണെന്ന വിശദീകരണവുമായി ബൈജൂസ് രംഗത്ത് വന്നു. അന്വേഷണവുമായി എല്ലാ രീതിയിലും സഹകരിക്കുമെന്നും ചോദിച്ച രേഖകളെല്ലാം സമര്‍പ്പിച്ചെന്നും ബൈജൂസിന്റെ ലീഗല്‍ ടീം പറഞ്ഞു.






