
സമരം നടത്തുന്ന ഗുസ്തി താരങ്ങളെ അധിക്ഷേപിച്ച് ബിജെപി എംപിയും റെസ്ലിങ് ഫെഡറേഷന് അധ്യക്ഷനുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗ്. നീതി വേണമെങ്കില്‍ പൊലീസിലോ കോടതിയിലോ ആണ് പോകേണ്ടത്. അല്ലാതെ ജന്തര്‍ മന്തറില്‍ സമരം ചെയ്തിട്ട് യാതൊരു കാര്യവുമില്ല. അവിടെ സമരം ചെയ്താല്‍ നീതി കിട്ടില്ലെന്നാണ് ബ്രിജ് ഭൂഷന്റെ പരാമര്‍ശം. കോടതിയുടെ തീരുമാനം എന്തുതന്നെ ആയാലും അതിനെ സ്വാഗതം ചെയ്യുമെന്നും ബ്രിജ് ഭൂഷണ് പറഞ്ഞു
ഈ ഗുസ്തി അസോസിയേഷനെ വിശ്വസിക്കുന്നവരാണ് ഹരിയാനയിലെ 90 ശതമാനം ഗുസ്തി താരങ്ങളും, അവരുടെ ഗാര്‍ഡിയന്‍മാരും. അങ്ങനെ അല്ലാത്തവരാണ് അസോസിയേഷനെതിരെ സമരം നടത്തുന്നത്. തനിക്കെതിരെ ലൈംഗിക ആരോപണം ഉന്നയിക്കുന്നത് കോണ്‍ഗ്രസ് നേതാവ് ദീപേന്ദര്‍ ഹൂഡ നടത്തുന്ന അഖാഡയില്‍ നിന്നുള്ള പെണ്‍കുട്ടികളാണെന്നും സിംഗ് പറഞ്ഞു.
ജന്തര്‍ മന്തറില്‍ ഗുസ്തി താരങ്ങള്‍ വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ച് ദേശീയ ഗുസ്തി ഫെഡറേഷനും, അധ്യക്ഷനും, പരിശീലര്‍ക്കുമെതിരെ ഇതിനു മുന്‍പും പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ പിന്നീട് യാതൊരു നടപടിയും ഉണ്ടാകാത്തതിനാല്‍ ഏഴ് വനിതാ ഗുസ്തി താരങ്ങള്‍ ഡല്‍ഹി കൊണാട്ട് പ്ലേസ് പോലീസ് സ്റ്റേഷനില്‍ പുതിയ പരാതി നല്കി. എന്നിട്ടും തുടര്‍ നടപടികള്‍ സ്വീകരിക്കാത്ത സാഹചര്യത്തില്‍ വീണ്ടും ഗുസ്തി താരങ്ങള്‍ പ്രതിഷേധത്തിന് തുടക്കമിട്ടു. പരാതിക്കാരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ജന്തര്‍ മന്തര്‍ സന്ദര്‍ശിച്ച് സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.






