
ആലപ്പുഴ: കുട്ടനാട് വയോധികയെ വീടുകയറിയാക്രമിച്ച് പരുക്കേല്‍പ്പിച്ചു സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ അയല്‍വാസിയായ സ്ത്രീ അറസ്റ്റില്‍. കുറ്റിച്ചിറ വീട്ടില്‍ മേഴ്സി(58)യാണ് അറസ്റ്റിലായത്. കിടപ്പുരോഗിയായ ചമ്പക്കുളം പുന്നക്കുന്നത്തുശ്ശേരി ചാലുമാട്ടുതറ വീട്ടില്‍ അമ്മിണി ഗോപി(67)യെയാണ് വെട്ടി പരുക്കേൽപ്പിച്ചത്.
പ്രതിയെ പുളിങ്കുന്ന് പോലീസാണ് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം.വീട്ടിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് അമ്മിണിയുടെ വീട്ടിലെത്തി മേഴ്സി അവിടെയുണ്ടായിരുന്ന മാല, മൂന്നു വള, കമ്മല്‍ എന്നീ ആഭരണങ്ങള്‍ കവരുകയായിരുന്നു. തടയാന്‍ ശ്രമിച്ചപ്പോഴാണ് വയോധികയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ശേഷം ആഭരണങ്ങളുമായി കടന്നു കളയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അമ്മിണിയുടെ തലയിലും മുഖത്തിന്റെ വിവിധ ഭാഗങ്ങളിലുമായിട്ടാണ് വെട്ടേറ്റത്. പത്തിലധികം മുറിവുകളാണുണ്ടായിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ അറയിച്ചു.
മോഷണത്തിനു പ്രേരിപ്പിച്ചത് സാമ്പത്തിക ബാധ്യതയാണ് മേഴ്സി മൊഴി നൽകിയതായി പോലീസ് പറഞ്ഞു. സംഭവ സമയത്ത് മേഴ്സിക്കൊപ്പം മറ്റൊരാള്‍കൂടി ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പോലീസിനെ അറിയിച്ചു. പരുക്കേറ്റ് കിടക്കുന്ന അമ്മിണിയെ അയൽവാസികൾ ചേർന്ന് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് മാറ്റി. കിടപ്പുരോഗിയായ അമ്മിണിക്ക് സംസാരിക്കാനും ബുദ്ധിമുട്ടുണ്ട്.






