
പാലക്കാട് കേരളശ്ശേരിയില്‍ വീടിനോട് ചേര്‍ന്ന പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ ഒരു മരണം. യക്കിക്കാവ് സ്വദേശിയായ അബ്ദുള്‍ റസാഖ് എന്നയാളുടെ വീട്ടില്‍ രാവിലെ 10 മണിക്കാണ് പൊട്ടിത്തെറിയുണ്ടായത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
അബ്ദുള്‍ റസാഖ് പടക്ക നിര്‍മ്മാണം നടക്കുമ്പോള്‍ വീടിന് സമീപമുണ്ടായിരുന്നുവെന്നാണ് വിവരം. ഇയാളുടെ ഭാര്യ അയല്‍ വീട്ടില്‍ പോയിരിക്കുകയായിരുന്നു. എന്നാല്‍ സ്ഫോടനത്തിന് ശേഷം ഇയാളെ കാണാനില്ല.
വീടിനോട് ചേര്‍ന്ന പടക്ക നിര്‍മ്മാണ സാമഗ്രികള്‍ സൂക്ഷിച്ചിരുന്ന ചായ്പ്പിലാണ് പൊട്ടിത്തെറിയുണ്ടായത്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. പടക്കം എന്തിന് വീട്ടില്‍ സൂക്ഷിച്ചുവെന്ന കാര്യത്തിലും വ്യക്തതയില്ല. അബ്ദുള്‍ റസാഖിന് പടക്കം നിര്‍മ്മിക്കാനുളള ലൈസന്‍സുണ്ട്. ഇയാള്‍ക്ക് തടുക്കാശ്ശേരിയില് പടക്കനിര്‍മ്മാണശാലയുമുണ്ട്. വിശദ പരിശോധനയുടെ ഭാഗമായി സ്ഥലത്ത് നിന്നും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.






