
ഫ്ളോറിഡ: അള്‍സിമേഴ്സ് രോഗിയുടെ തിരിച്ചറിയല്‍ രേഖകള്‍ മോഷ്ടിച്ച് പ്ലാസ്റ്റിക്ക് സര്‍ജറിക്കായി പണം അടിച്ചുമാറ്റിയ നേഴ്സ് പിടിയില്‍. 31 കാരി ടിഫാനി ആക്കൂന എന്ന ഫ്ളോറിഡ സ്വദേശി നഴ്സാണ് പിടിയിലായത്. 88 വയസ്സുള്ള രോഗിയുടെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ച് ക്രെഡിറ്റ് കാര്‍ഡ് എടുത്താണ് നഴ്സ് സര്‍ജറിക്കുള്ള പണം തട്ടിയത്. ഡെല്‍റ്റോണ സ്വദേശിയായ രോഗിയ്ക്ക് ഏപ്രില്നാലിന് 7160 ഡോളറിന്റെ ബില്ല് എത്തിയപ്പോഴാണ് സംഭവം വീട്ടുകാരുടെ ശ്രദ്ധയില്‍പെടുന്നത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
2022 നവംബറിലാണ് സംഭവം നടക്കുന്നത്. എന്നാല്‍ അന്വേഷണങ്ങള്‍ക്കൊടുവില്‍ മാസങ്ങള്‍ക്കു ശേഷമാണ് ഈ കാര്യം പുറത്തവരുന്നത്. ആരുടേയും ഒപ്പ് പോലുമില്ലാത്ത ക്രെഡിറ്റ് കാര്‍ഡില്‍ നിന്നായിരുന്നു പണം പോയതെന്നത് ശ്രദ്ധിച്ചതോടെ വീട്ടുകാര്‍ സംഭവം പൊലീസിനെ അറിയിക്കുകയായിരുന്നു. വിശദമായ അന്വേഷണത്തില്‍ പ്ലാസ്റ്റിക് സര്‍ജറിക്കായാണ് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചതെന്ന് പൊലീസിന് മനസിലായി. ചികിത്സാ കേന്ദ്രത്തില്‍ നടത്തിയ പരിശോധനയിലാണ് സേവനം ലഭ്യമാക്കിയത് 88 കാരിയായ അള്‍സിമേഴ്സ് രോഗിയുടെ നഴ്സാണെന്ന് വ്യക്തമായത്. ഏപ്രില്‍ 4 ന് സംഭവം പുറത്ത് വന്നതിന് പിന്നാലെ ഇവരെ ആശുപത്രി സേവനങ്ങളില്‍ നിന്ന് പുറത്താക്കി. എന്നാല്‍ ചോദ്യം ചെയ്യലില്‍ പ്ലാസ്റ്റിക് സര്‍ജറി ചെയ്തിട്ടേയില്ലെന്നായിരുന്നു നഴ്സ് വാദിച്ചത്.
കാര്യങ്ങള്‍ കൈവിട്ടു പോകുമെന്ന് മനസ്സിലാക്കിയ നഴ്സ് സംഭവം രമ്യതയില്‍ പരിഹരിക്കാമെന്ന നിര്‍ദ്ദേശവുമായി രോഗിയുടെ ഭര്‍ത്താവിനെ ബന്ധപ്പെടുകയായിരുന്നു. ഇതിന് സമ്മതിച്ച ഭര്‍ത്താവ് നഴ്സിനോട് വീട്ടിലെത്താന്‍ ആവശ്യപ്പെടുകയായിരുന്നു. 1500 ഡോളര്‍ പണമായും ബാക്കി തുക കടമായി നല്‍കുന്നതിന്റെ രേഖകളും തയ്യാറാക്കി എത്തിയ നഴ്സിനെ പൊലീസ് ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെ രോഗിയുടെ അനുവാദത്തോടെയായിരുന്നു തിരിച്ചറിയല്‍ രേഖകള്‍ എടുത്തതെന്നായി നഴ്സിന്റെ പ്രതികരണം.






