
രൂപത്തിലും ഭാവത്തിലുമെല്ലാം ഏറെ വ്യതിയാനത്തിലായിരുന്നു സിദ്ദിഖിനെ കണ്ടത്. മുണ്ഡനം ചെയ്ത തല, ചെറിയ നരച്ച താടി, എക്സിക്യൂട്ടീവ് വേഷം. ഇപ്പോള്‍ സിദ്ദിഖ് ഫുക്രിയാണ്. സാക്ഷാല്‍ സുലൈമാന്‍ ഫുക്രി.
'ഫുക്രി' എന്നാല്‍ ജ്ഞാനി. ഉന്നതന് എന്നൊക്കെ അര്‍ത്ഥം വരാം. ഈ വാക്കിനു ചേര്‍ന്ന രീതിയിലുള്ള ഒരു തറവാടിയായി തന്നെയാണ് ഈ കഥാപാത്രത്തെയും പശ്ചാത്തലത്തെയും അവതരിപ്പിക്കുന്നത്.
പ്രശസ്ത സംവിധായകനായ സിദ്ദിഖ് സംവിധാനം ചെയ്യുന്ന ഫുക്രി എന്ന ചിത്രത്തിലെ കഥാപാത്രമാണിത്.
പാലായ്ക്കടുത്ത് രാമപുരത്തുള്ള മുപ്പതിനായിരം സ്ക്വയര്‍ ഫീറ്റിലുള്ള ഒരു ബംഗ്ലാവിലാണ് ഈ ചിത്രത്തിലെ ഫുക്രി ബംഗ്ലാവായി മാറിയിരിക്കുന്നത്.
ദക്ഷിണകേരളത്തിലെ ഏറ്റവും വലുപ്പമുള്ള വീടാണിത്. വലിയ സൗകര്യങ്ങളോടെ പണിത സൗധംതന്നെ. ഫുക്രി ബംഗ്ലാവിന് ഏറെ അനുയോജ്യമായ സ്ഥലംതന്നെയാണ് ലഭിച്ചിരിക്കുന്നതെന്ന് സംവിധായകനായ സിദ്ദിഖ് പറഞ്ഞു.
വലിയൊരു വീടുപോലെതന്നെ ധാരാളം അംഗങ്ങളും ഈ വീട്ടില്‍ കാണാന്‍ കഴിഞ്ഞു. അഭിനേതാക്കളുടെ ഒരു വലിയ നിരതന്നെ ഇവിടെ കാണാന്‍ കഴിഞ്ഞു. സിദ്ദിഖിനു പുറമെ ജയസൂര്യ, ലാല്‍, പ്രയാഗാ മാര്ട്ടിന്, അനു സിതാര, നിര്‍മ്മല്‍ പാലാഴി, നിയാസ് ബക്കര്‍, അന്‍സാര്‍ കലാഭവന്‍, നാസര്‍ ലത്തീഫ്, സാജന് പള്ളുരുത്തി, ജോണ്‍ (ആന്മരിയ ഫെയിം), ശ്രീലത, റീന, തെസ്നി ഖാന്, ശ്രയാനി, ലക്ഷ്മി, രമാദേവി കോഴിക്കോട് എന്നിവര്‍ ഇക്കൂട്ടത്തിലെ പ്രമുഖരാണ്. സുലൈമാന്‍ ഫുക്രിയുടെ മക്കളും മരുമക്കളും ജോലിക്കാരും ചെറുമക്കളും
എല്ലാം ഇക്കൂട്ടത്തിലുണ്ട്.
ഇരുപത്തിയഞ്ചോളം ദിവസങ്ങള്‍ ഈ ബംഗ്ലാവിനുള്ളില്‍ തന്നെയാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ ഔട്ട്ഡോര്‍ രംഗങ്ങള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് രാമപുരത്തെ വീട്ടിലേക്ക് ഷിഫ്റ്റ് ചെയ്തത്.
ഇവിടെ മിക്ക അഭിനേതാക്കളും എന്നുമുണ്ടാകും. വലിയൊരു സംഘം അഭിനേതാക്കളെ ഫ്രെയിമിലാക്കിയാണ് സിദ്ദിഖ് ഫുക്രിയെ അവതരിപ്പിക്കുന്നത്. സിദ്ദിഖിന്റെ മാസ്റ്റര്‍ പീസായ നര്‍മ്മത്തില്‍ കൂടി ശക്തമായ ഒരു കുടുംബകഥ തന്നെയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഇതിനിടയിലൂടെ ഒരു പ്രണയകഥയും പറയുന്നുണ്ട്.
ആന്മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ പി.റ്റി. അധ്യാപകനെന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച ജോണ്‍ ഈ ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ലാല്‍ ഈ ചിത്രത്തോടൊപ്പം മകന് ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ഹണീബി ടുവിലും ഒരുപോലെ അഭിനയിക്കുന്നുണ്ട്. ഈ ചിത്രത്തിലെ അലി ഫുക്രി എന്ന കഥാപാത്രത്തെയാണ് ലാല്‍ അവതരിപ്പിക്കുന്നത്. സുലൈമാന്‍ ഫുക്രിയുടെ മകന് ഇവിടെനിന്നും പുറത്താക്കപ്പെട്ടതാണ്. വീണ്ടും കടന്നുവന്നപ്പോള്‍ അതിന്റെ സംഘര്‍ഷവും ഫുക്രി ബംഗ്ലാവില്‍
അരങ്ങേറുന്നുണ്ട്.
ഉള്ളിലെരിയുന്ന ഒരു മനസ്സുമായിട്ടാണ് അലിഫുക്രി ബംഗ്ലാവിന്റെ മുറ്റത്തെത്തിയിരിക്കുന്നത്. ലക്കിയും കൂട്ടാളികളായ ഫ്രാങ്ക്ളിനും വസന്തകുമാറും കുഞ്ഞാപ്പയും ഫുക്രി ബംഗ്ലാവില്‍ എത്തുന്നതോടെയാണ് കഥാഗതിയില്‍ വഴിത്തിരിവുണ്ടാകുന്നത്. എഞ്ചിനീയറിംഗ് പഠിച്ചെങ്കിലും പാസാകാതെ ഉഴപ്പി നടന്ന ലക്കിയും ഫ്രാങ്ക്ളിനും ഇവര്‍ക്കൊപ്പം വിവിധ ആവശ്യങ്ങളുമായി നഗരത്തില്‍ വന്ന് ചേക്കേറിയവരാണ്. വസന്തകുമാര്‍ എന്ന പാലക്കാടന്‍ ബ്രാഹ്മണനും ബ്രോക്കര്‍ കുഞ്ഞാപ്പയും. പിന്നെ ഇവര്‍ ഒന്നിച്ചായി. ഏക അഭയം ഉസ്മാന് മേസ്തിരിയുടെ വര്‍ക്ക്ഷോപ്പാണ്.
ഉത്തരവാദിത്വങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞ് അലസ്സതയോടെ ജീവിതം തള്ളിനീക്കുന്നതിനിടയിലാണ് നഗരത്തില്‍ പഠിക്കാനെത്തുന്ന രണ്ടു പെണ്‍കുട്ടികളെ കണ്ടുമുട്ടുന്നത്. സഹോദരിമാരായ നഫ്സിയും അലിയായും. ഫുക്രി ബംഗ്ലാവിലെ അംഗങ്ങള്‍. ഇവരെ കണ്ടുമുട്ടുന്നതോടെ ലക്കിയുടെയും സുഹൃത്തുക്കളുടെയും ജീവിതത്തിലും ചില മാറ്റങ്ങളും ലക്ഷ്യങ്ങളും ഉണ്ടായി. ഇതാണ് ലക്കിയെയും കൂട്ടാളികളെയും ഫുക്രി ബംഗ്ലാവിലേക്ക് നയിക്കാന്‍ പ്രേരിപ്പിച്ചതും.
തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങള്‍ എന്ത്? ഇതിനുള്ള ഉത്തരമാണ് സിദ്ദിഖ് ഫുക്രിയിലൂടെ നിരവധി സംഭവബഹുലമായ മുഹൂര്‍ത്തങ്ങളിലൂടെ അവതരിപ്പിക്കുന്നത്.ജയസൂര്യയാണ് ലക്കിയെ അവതരിപ്പിക്കുന്നത്. ജയസൂര്യയുടെ അഭിനയജീവിതത്തിലെ സിദ്ധികള്‍ക്ക് ഏറെ സഹായകരമാകുന്നതാണ്. പ്രയാഗാ മാര്‍ട്ടിനും അനു സിതാരയുമാണ് നഫ്സി, അലിയാ എന്നിവരെ അവതരിപ്പിക്കുന്നത്.
ജനാര്ദ്ദനന്, ജോജു ജോര്‍ജ്, കെ.പി.ഏ.സി. ലളിത, കൃഷ്ണപ്രഭ, മുകുന്ദന് എന്നിവരും പ്രധാന താരങ്ങളാണ്. റഫീഖ് അഹമ്മദിന്റെ ഗാനങ്ങള്‍ക്ക് വിശ്വജിത്തും ഡോ. സുധീപ് ഇളയടവും സംഗീതം പകരുന്നു.
വിജയ് ഉലകനാഥാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ്- കെ.ആര്. ഗൗരി ശങ്കര്‍ കലാസംവിധാനം- ജോസഫ് നെല്ലിക്കല്‍, പ്രൊഡക്്ഷന്‍ ഡിസൈനര്‍- മണി സുചിത്ര, സ്ക്രിപ്റ്റ് അസോസിയേറ്റ്സ്- പ്രജീഷ് സെന്‍, നൗഷാദ് സഫ്രോണ്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഷംസുദ്ദീന്, സഹസംവിധാനം- ആരിഫ് അസ്ലാം, ജിബിന്‍ ജോണ്‍, കിരണ്‍ അനില്‍കുമാര്‍. എ.ഡി. ശ്രീകുമാറാണ് പ്രൊഡക്്ഷന്‍ കണ്ട്രോളര്. പ്രൊഡക്്ഷന്‍ എക്സിക്യൂട്ടീവ്- ജയശീലന്‍ സദാനന്ദന്, മാനേജര്‍- പ്രണവ് കൊടുങ്ങല്ലൂര്‍.എസ്. ടാക്കീസ് ആന്റ് വൈശാഖ സിനിമയുടെ ബാനറില്‍ സിദ്ദിഖ്, വൈശാഖാ രാജന്, ജെന്‍സോ ജോസ് എന്നിവര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.