
തിരുവനന്തപുരം: എഐ കാമറ, കെ.ഫോണ്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്ക് പ്രതിരോധം തീര്‍ത്ത് കേന്ദ്ര കമ്മിറ്റിയംഗം എ.കെ ബാലന്. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങളില്‍ അന്വേഷണം നടക്കുന്നതിനാലാണ് മുഖ്യമന്ത്രി പ്രതികരിക്കാത്തത്. ആരോപണങ്ങളില്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും വിജിലന്‍സും അന്വേഷിക്കുന്നുണ്ട്. ഈ ഘട്ടത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചാല്‍ കേസിന്റെ മെരിറ്റില്‍ കയറി ഇടപെട്ടുവെന്ന് വിമര്‍ശിക്കും. പ്രതികരിച്ചില്ലെങ്കില്‍ മുഖ്യമന്ത്രി ഒളിച്ചോടുന്നുവെന്ന് പറയും. മാധ്യമങ്ങള്‍ക്ക് മുന്നില്‍ ക്ഷോഭത്തോടെയായിരുന്നു എ.കെ ബാലന്റെ പ്രതികരണം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ പങ്കെടുക്കാനെത്തിയതായിരുന്നു എ.കെ ബാലന്.
പറയുന്ന കാര്യങ്ങള്‍ക്ക് ഒരു മര്യാദ വേണം. ഓരോ ദിവസവും മറുപടി പറയാന്‍ മനസ്സില്ല. അത് വേറെ ഏട്ടന്റെ പീടികയില്‍ പോയി പറയണം. മുഖ്യമന്ത്രിക്കെതിരെ എന്തൊക്കെ ആരോപണങ്ങള്‍ കൊണ്ടുവന്നു. ലാവ്ലിന്, കവിത ഇന്റര്‍നാഷണല്‍, വീട് പുനര്‍നിര്‍മ്മാണം തുടങ്ങി എന്തെല്ലാം പ്രചാരണങ്ങള്‍ നടത്തി. മകളുടെ കല്യാണത്തിന് വന്ന ഇ.പി ജയരാജന്റെ ഭാര്യയുടെ ചിത്രത്തില്‍ തലവെട്ടിമാറ്റി മോര്‍ഫിംഗ് ചെയ്ത് സ്വപ്ന സുരേഷിന്റെ തലവച്ചുചേര്ത്തു. ഇതിനൊന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടില്ല.
സ്വന്തം വകുപ്പിന്റെ കീഴിലുള്ള പ്രവര്‍ത്തനങ്ങളില്‍ സംശയം തോന്നിയാല്‍ അന്വേഷിക്കാന്‍ മടിക്കാത്തയാളാണ് മുഖ്യമന്ത്രി. വാളയാര്‍ കേസില്‍ അദ്ദേഹത്തിന്റെ കീഴിലുള്ള അന്വേഷണ ഏജന്‍സിക്കെതിരെ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടയാളാണ് മുഖ്യമന്ത്രി.
ഈ കേരളത്തിലെ എത്ര പദ്ധതികള്‍ പുനഃപരിശോധിച്ചിട്ടുണ്ട്. ടെന്‍ഡര്‍ രേഖകളുമായി ബന്ധപ്പെട്ട് എത്ര പദ്ധതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. വിഴിഞ്ഞം, സ്മാര്‍ട് സിറ്റി, അള്ളുങ്കല്‍ ജലവൈദ്യുതി പദ്ധതി തുടങ്ങിയ പദ്ധതികളിലെല്ലാം മാറ്റങ്ങള്‍ വരുത്തിയിട്ടില്ലേ?
എന്തൊക്കെയായിരുന്നു സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പറഞ്ഞത്. ചെമ്പിനുള്ളില്‍ സ്വര്‍ണം, ഈന്തപ്പഴത്തിനുള്ളില്‍ സ്വര്‍ണം, ഖുറാനുള്ളില്‍ സ്വര്‍ണം.. എന്നിട്ട് പിടിച്ചോ? പദ്ധതികളില്‍ സുതാര്യത ഇല്ലായെന്ന് കണ്ടാല്‍ സമഗ്രമായ അന്വേഷണം നടത്താന്‍ സംവിധാനമുണ്ടല്ലോ എന്നും എ.കെ ബാലന് പറഞ്ഞു.
എന്നാല്‍ എഐ കാമറയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളില്‍ പ്രതികരിക്കാന്‍ എ.കെ ബാലന് തയ്യാറായില്ല.






