
തീഹാര്‍ ജയിലില്‍ എതിരാളികളായ ഗുണ്ടാസംഘത്തിനാല് കൊല്ലപ്പെട്ട ടില്ലു ടാജ്പുരിയ കൊടും ക്രിമിനല്‍. തന്റെ തന്നെ മുന്‍ ഗ്യാംഗ് ലീഡറുമായുള്ള വൈരാഗ്യവും കുടിപ്പകയുമായിരുന്നു ടില്ലുവിനെ തീഹാര്‍ ജയിലിലിട്ടു കൊലപ്പെടുത്തിയ സംഭവത്തിലേക്ക് നീണ്ടത്. ഗോജിയുടെ ഗ്യാംഗ് സെല്ലില്‍ നിന്നും ടില്ലുവിനെ വലിച്ചിറക്കി ക്രൂരമായി വധിക്കുന്നതിന്റെ വീഡിയോ ഞെട്ടിക്കുന്നതായിരുന്നു.
ഡല്‍ഹിയിലെ താജ്പൂര്‍ കല്യാണില്‍ ഒര ജാട്ട് കുടുംബത്തില്‍ 1991 ല്‍ ജനിച്ച ടില്ലു ഡല്‍ഹിയിലെ നരേലയില്‍ പ്രാഥമിക വിദ്യാഭ്യാസവും ഡല്‍ഹി സര്‍വകലാശാലയിലെ സ്വാമി ശ്രദ്ധാനന്ദ് കോളേജില്‍ ബിരുദപഠനവും പൂര്ത്തിയാക്കിയിട്ടുള്ളയാളാണ്. കോളേജില്‍ പഠിക്കുന്ന കാലത്ത് കൂട്ടുകൂടിയ ജീതേന്ദര്‍ ഗോജി ഗ്യാംഗ് തന്നെയായിരുന്ന പിന്നീട് ടില്ലുവിന്റെ ശത്രുവായി മാറിയതും ഒടുവില്‍ തീഹാര്‍ ജയിലില്‍ കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയതും. കോളേജില്‍ പഠിക്കുന്ന കാലത്ത് ഗോജി ഗ്യാംഗില്‍ അംഗമായിരുന്ന ടില്ലു പിന്നീട് നീരജ് ബവാനാ, നവീന്‍ ബാലി, സുനില്‍ രതി, ചീനു തുടങ്ങിയ ഗ്യാംഗ് ലീഡര്‍മാരുമായും കൈകോര്‍ത്തു.
32 ാം വയസ്സില്‍ കത്തിക്കിരിയാകുമ്പോള് വമ്പന്‍ ക്രിമിനലായി ടില്ലു മാറിയിരുന്നു. ശിവന്റെ വലിയ ഭക്തനായിരുന്ന ടില്ലു കോളേജില്‍ പഠിക്കുമ്പോള്‍ മുതല്‍ ജീതേന്ദര്‍ ഗോജിയുമായി ചേര്‍ന്ന് വിവിധ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ളയാളാണ്. ടാജ്പുരിയയും ഗോജിയും ഒരിക്കലും തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ലെങ്കിലും ഇരുവരും തങ്ങളുടെ മസില്‍പവര്‍ സ്ഥാനാര്‍ത്ഥികളിലൂടെ കാട്ടിയിരുന്നു. വലിയ സുഹൃത്തുക്കള്‍ ആയിരുന്നിട്ടും ഇരുവരും പിന്തുണച്ചിരുന്നത് എതിരാളികളായ സ്ഥാനാര്‍ത്ഥികളെ ആയിരുന്നു. ഇതിന് കാരണം ഇവര്‍ പിന്തുണച്ചിരുന്ന ലോക്കല്‍ ക്രിമിനലുകളുടെ ഇടപെടലുകളായിരുന്നു.
ടില്ലിയുമായുള്ള പോരിന്റെ പേരിലാണ് ഗോജിയ്ക്കെതിരേ ആദ്യ കേസ് റജിസ്റ്റര്‍ ചെയ്തത് തന്നെ. 2008 ല്‍ അലിപ്പൂരിലെ ഒരു കോളേജില്‍ പുറത്തുനിന്നുള്ള വിദ്യാര്‍ത്ഥികള്‍ വന്നു കയറിയതുമായി ബന്ധപ്പെട്ട അടിപിടിയുണ്ടായി. ഇതില്‍ ഗോജിയ്ക്കെതിരേ കൊലപാതകശ്രമത്തിന് കേസെടുത്തിരുന്നതായും പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതോടെയാണ് ടില്ലിയ്ക്ക് നീരജ് ബാവന, നവീന്‍ ബാലി, സുനില്‍ രതി, ചീനു തുടങ്ങിയ ഗ്യാംഗ് ലീഡര്‍മാര്‍ക്ക് കൈ കൊടുക്കേണ്ട സ്ഥിതി വന്നത്.
ടില്ലുവിന്റെ ഏറ്റവും അടുത്ത അനുയായി രാജുചോര് കൊല്ലപ്പെട്ടതോടെ ഗ്യാംഗ് വാറും തുടങ്ങി. പോര് കടുത്തതോടെ ടില്ലിയുടെ ഗ്യാംഗിലെ പ്രധാനികളായ സുമിതും ദേവേന്ദ്ര പ്രധാനും കൊല്ലപ്പെട്ടു. 2016 ല്‍ ടില്ലുവും വിക്കിയും കൊലപാതകക്കേസില്‍ അറസ്റ്റിലായി. ഈ കേസില്‍ ടില്ലുവിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50 ലക്ഷമായിരുന്നു ലോക്കല്‍ പോലീസ് അന്ന് പ്രഖ്യാപിച്ചത്.
2021 സെപ്തംബര്‍ 24-ന് തിഹാര്‍ ജയിലിലെ മണ്ടോളയില്‍ കഴിയുമ്പോഴാണ് ഗോജിയുടെ കൊലപാതകം തില്ലു ആസൂത്രണം ചെയ്തത്. തില്ലുവിന്റെ കൂട്ടാളികളായ ഉമംഗ് യാദവും വിനയ്യും അഭിഭാഷകരുടെ വേഷം ധരിച്ച് ഡല്‍ഹിയിലെ രോഹിണി കോടതിയില്‍ കയറി കോടതിയില്‍ ഗോജി പോലീസിനൊപ്പം വിചാരണയ്ക്കായി എത്തിയപ്പോള്‍ ഗോജിയെ വെടിവച്ചു. ഷൂട്ടിംഗ് നടക്കുമ്പോള്‍ തില്ലു ലൈവ് വീഡിയോ ചാറ്റിലായിരുന്നു.
രോഹിണി കോടതിയില്‍ എത്താന്‍ എത്ര സമയമെടുക്കും, അവര്‍ ഇപ്പോള്‍ എവിടെ എത്തിയെന്നുമെല്ലാം ടില്ലു ചോദിച്ചുകൊണ്ടേയിരുന്നു. അക്രമികള്‍ രണ്ടുപേരും കോടതി മുറിക്കുള്ളില്‍ ഇരിക്കുകയാണെന്നും കോടതിക്ക് അകത്തും പുറത്തും കനത്ത പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ടെന്നും അറിഞ്ഞപ്പോള്‍ കാര്യം പന്തികേടാകുമെന്ന് ടില്ലുവിന് മനസ്സിലായി. ഇതോടെ വിനയ്, ഉമംഗ് എന്നിവരെ വിളിച്ച് എവിടെയാണെന്ന് ചോദിച്ചു. അവര്‍ പാര്‍ക്കിംഗ് സ്ഥലത്തുണ്ടെന്ന് പറഞ്ഞപ്പോള്‍ ഓടിപ്പോകാന്‍ നിര്‍ദേശിക്കുകയും ചെയ്തു.
തന്റെ വലംകൈ ആയിരുന്ന രാജുചോര് എന്നയാളെ 2015 ജനുവരിയില്‍ ഗോജി ഗ്യാംഗ് കൊലപ്പെടുത്തിയതോടെയാണ് ഇവര്‍ തമ്മിലുള്ള വൈരം പോരാട്ടത്തിലേക്ക് മാറിയത്. ഇതോടെ ഗ്യാംഗുകളുടെ കുടിപ്പക കൂടി. 2016 ല്‍ ടില്ലു സഹായി വിക്കിയ്ക്കൊപ്പം നിരഞ്ജന് എന്നയാളുടെ വധവുമായി ബന്ധപ്പെട്ട് റോഹ്താക്കിലെ ഗുസ്കാനി ഗ്രാമത്തില്‍ നിന്നും അറസ്റ്റിലായിരുന്നു. അതേസമയം 2021 സെപ്തംബറില്‍ രോഹിണി കോടതി ഷൂട്ടൗട്ടുമായി ബന്ധപ്പെട്ട കേസില്‍ ടില്ലുവിനെയും പ്രതി ചേര്‍ത്തിരുന്നു.
മെയ് 2 ന് ടില്ലുവിനെ ജയിലില്‍ ഇട്ട് വധിച്ചത് ഗോജി ഗ്യാംഗിലെ യോഗസ്ത തണ്ടയും സംഘവുമായിരുന്നു. 100 ലധികം കുത്തുകളും വെട്ടുകളുമേറ്റ ടില്ലുവിനെ ഡല്‍ഹിയിലെ ദീന ദയാല്‍ ഉപാദ്ധ്യായ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. തീഹാറിലെ എട്ടാം നമ്പര്‍ ജയിലിലായിരുന്നു യോഗസ്ത് തണ്ട. ടില്ലുവാകട്ടെ ഇരുമ്പ് ചട്ടക്കൂടുള്ള ഒമ്പതാം നമ്പര്‍ ജയിലിലും.
ഒരേ വാര്‍ഡിലെ രണ്ടിടത്തായിട്ടായിരുന്നു ടില്ലുവിന്റെയും യോഗേഷ് എന്ന് കൂടി വിളിപ്പേരുള്ള ടണ്ടായുടേയും ഗ്യാംഗുകളെ പാര്‍പ്പിച്ചിരുന്നത്. ഇരുമ്പ് ഗ്രില്ലുകള്‍ തകര്‍ത്താണ് ടില്ലുവിനെ ടണ്ടായും ദീപക് എന്ന് വിളിക്കുന്ന ടീറ്റാറും ആക്രമിച്ചതെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്.






