
സിനിമ മേഖലയില്‍ പലരും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് നടനും, അമ്മ സംഘടനയുടെ ഭാരവാഹിയുമായ ടിനി ടോം. കേരള സര്‍വകലാശാല യുവജനോത്സവം ഉദ്ഘാടന വേദിയില്‍ വെച്ചാണ് നടന്റെ വെളിപ്പെടുത്തല്‍. ടിനിയുടെ മകന് സിനിമയില്‍ ഒരു പ്രമുഖ നടന്റെ മകന്റെ വേഷത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ ലഹരി ഉപയോഗത്തെക്കുറിച്ചുള്ള പേടിയുള്ളതു കൊണ്ട് അഭിനയിക്കാന്‍ മകനെ വിടില്ലെന്നാണ് പങ്കാളി പറഞ്ഞത് എന്ന് വേദിയില്‍ പ്രസംഗത്തിനിടെ ടിനി ടോം പറഞ്ഞു.
എനിക്ക് ഒരു മകനേയുള്ളു. കുട്ടികള്‍ അവരുടെ 16-18 വയസിലാണ് വഴി തെറ്റുന്നത്. ലഹരിക്ക് അടിമയായ ഒരു നടനെ ഈയടുത്ത് കാണാനിടയായി. അദ്ദേഹത്തിന്റെ പല്ലുകള്‍ പൊടിഞ്ഞു തുടങ്ങിയിട്ടുണ്ടായിരുന്നു. ലഹരി ഉപയോഗിക്കുമ്പോള്‍ നന്നായി അഭിനയിക്കുന്നുണ്ടെന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. ഇപ്പോള്‍ പല്ല് പൊടിയുന്നു, നാളെ എല്ലു പൊടിഞ്ഞു തുടങ്ങും.
കലയാകണം നമ്മുടെ ലഹരി എന്ന് ടിനി ടോം വ്യക്തമാക്കി. ലഹരിക്കെതിരായ പൊലീസിന്റെ 'യോദ്ധാവ്' ബോധവല്‍ക്കരണ പരിപാടിയുടെ അംബാസഡര്‍ കൂടിയാണ് ടിനി ടോം.






