
ഫോണില്ലാതെ ജീവിക്കാനാകാത്തവര്‍ നേരിടുന്ന മാനസിക പ്രശ്നമാണ് നോമോഫോബിയ എന്ന് അറിയപ്പെടുന്നത്. ഇന്ത്യയില്‍ നാലില്‍ മൂന്ന് പേരും 'നോമോഫോബിയ'യുടെ ഇരകളാണെന്നാണ് കൗണ്ടര്‍ പോയിന്റ് റിസര്‍ച്ചും ഓപ്പോയും ചേര്‍ന്ന് വെള്ളിയാഴ്ച പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നത് . ഇൗ പ്രശ്നത്തിന് ഇരകളായവര്‍ക്ക് ഫോണുമായി അകലുകയെന്നത് പേടിയുണ്ടാക്കുന്ന കാര്യമാണ്. ഇന്ത്യയിലെ സ്മാര്‍ട്ഫോണ്‍ ഉപഭോക്താക്കളില്‍ 72 ശതമാനം പേരും ഫോണിലെ ബാറ്ററി 20 ശതമാനമോ അതില്‍ താഴെയോ ആയാല്‍ ആശങ്ക അനുഭവിക്കുന്നവരാണ്.65 ശതമാനം പേരും ഫോണ്‍ ഓഫായാല്‍ സമ്മര്‍ദ്ദം അനുഭവിക്കുന്നവരാണെന്നും പഠനങ്ങള്‍ വെളിവാക്കുന്നു.
ഓപ്പോയുടെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് പഠനം നടത്തിയത്. 'നോമോഫോബിയ: ലോ ആങ്സൈറ്റി കണ്‍സ്യൂമര്‍ സ്റ്റഡി' എന്ന പേരില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇത്തരമൊരു അവസ്ഥയെ കുറിച്ച് പറയുന്നത്. റിപ്പോര്‍ട്ടിന് വേണ്ടി സഹകരിച്ച ഭൂരിഭാഗം പേരും സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗത്തിനും നേരം പോക്കിനും വേണ്ടിയാണ് സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ചു വരുന്നത്. ഫോണ്‍ ബാറ്ററി കുറയാതിരിക്കാനാണ് 65 ശതമാനം ആളുകളും ഫോണിന്റെ ഉപയോഗം കുറച്ചിരിക്കുന്നത്.
ഫോണ്‍ കേടാകുന്നതിനെ കുറിച്ചും, ബാറ്ററി തീരുന്നതിനെ കുറിച്ചും ഉപഭോക്താക്കളില്‍ ആശങ്കയുണ്ടാകുന്നത് പരസ്പരം വ്യക്തിപരമായും, തൊഴില്‍പരമായും ആളുകള്‍ തമ്മില്‍ ഫോണിലൂടെ ബന്ധപ്പെട്ടിരിക്കുന്നതിനാലാകാം. 31 മുതല്‍ 40 വയസ് വരെ പ്രായമുള്ളവരിലാണ് ബാറ്ററി കുറയുന്നതില്‍ ആശങ്ക കൂടുതലുമുളളതായി കണ്ടെത്തിയിരിക്കുന്നത്.






