
നാടിനെ ഞെട്ടിച്ച ഒരു ദുരന്തവാര്ത്തയുമായിട്ടാണ് കേരളം ഇന്ന് കണ്ണുതുറന്നത്. താനൂരിലെ ബോട്ടപകടം കുറച്ചൊന്നുമല്ല ആളുകളെ നൊമ്പരത്തിലാഴ്ത്തിയത്. 22 പേരുടെ ജീവന് കവര്‍ന്ന അപകടം നാടിനെ മുഴുവന്‍ സങ്കടത്തിലാഴ്ത്തിയിരിക്കുന്ന ഈ വിഷയത്തില്‍ പ്രധാനമന്ത്രി, രാഷ്ട്രപതി ഉള്‍പ്പെടെ അപകടത്തില്‍ അനുശോചനം അറിയിച്ചിട്ടുണ്ട്. അനുവദനീയമായതില്‍ കൂടുതല്‍ ആളുകളെ ബോട്ടില്‍ കയറ്റിയതാണ് അപകട കാരണമെന്നാണ് വിവരം. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോള്‍ ആരെയും കാണാനില്ലെന്ന പരാതി ഇതുവരെ കിട്ടിയില്ലെന്ന് അധികൃതര്‍ അറിയിക്കുന്നുണ്ട്. ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് സംസ്ഥാനത്തെ നിയമ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്റെ അഭിപ്രായം ഫെയ്സ്ബുക്കിലൂടെ പങ്കുവയ്ക്കുകയാണ് ഹരീഷ് കണാരന്. ബോട്ടപകടം ഉണ്ടായ സ്ഥിതിക്ക് ഇനി കുറച്ച് ദിവസം കേരളത്തിലെ ബോട്ടുകള്‍ ഫിറ്റ്നസ് പരിശോധിക്കലാകും ഉദ്യോഗസ്ഥരുടെ പ്രധാന ജോലിയെന്നും ഇതെല്ലാം താല്ക്കാലികവും പ്രഹസനവും മാത്രമാണെന്നും ഹരീഷ് കണാരന് ഫേസ്ബുക്കില്‍ കുറിച്ചു.
‘‘ചിലപ്പോൾ വാഹനങ്ങളുടെ രൂപത്തിൽ.
ചിലപ്പോൾ ഹോട്ടലുകളുടെ രൂപത്തിൽ.
ഇപ്പോൾ ബോട്ടിന്റെ രൂപത്തിൽ..
ഇനി കുറച്ച് ദിവസം കേരളത്തിലെ
ബോട്ട്കളുടെ ഫിറ്റ്നസ്സ്
പൊക്കി നോക്കുന്നതായിരിക്കും
കുറച്ച് ഉദ്യോഗസ്ഥരുടെ
പ്രധാന ജോലി..!!
എല്ലാം താൽക്കാലികം മാത്രം..!!
വെറും പ്രഹസനങ്ങൾ മാത്രം..!!
താനൂരിലെ ബോട്ട് അപകടത്തിൽ
ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലികൾ..!!’’ ബോട്ടപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികളും താരം കുറിച്ചിട്ടുണ്ട്.
മെയ് 7, ഞായറാഴ്ച വൈകുന്നേരം ഏഴ് മണിക്കും 7.40 നും ഇടയില്‍ ആയിരുന്നു ബോട്ട് അപകടം സംഭവിച്ചത്. ഒട്ടുംപുറം തൂവല്‍തീരം ബീച്ചിന് സമീപം വച്ചായിരുന്നു ബോട്ട് മുങ്ങിയത്. അവധിദിവസം ആഘോഷമാക്കാന്‍ എത്തിയവരാണ് അപകടത്തില്‍ പെട്ടത്. ബോട്ടില്‍ മുപ്പത്തിയഞ്ച് മുതല്‍ നാല്പത് വരെ ആളുകള്‍ ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. അപകടത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ കണ്ടെത്താന്‍ ആയിട്ടില്ല. താനൂര്‍ ബോട്ട് ദുരന്തത്തില്‍ 22 പേരാണ് ഇതുവരെ മരിച്ചത്. ആറ് കുഞ്ഞുങ്ങളും മൂന്ന് സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഏഴ് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇവരെ സമീപത്തെ ആശുപത്രികളില്‍ ആണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ആകെ പത്ത് പേരാണ് ചികിത്സയിലുള്ളത്.






