
കുറഞ്ഞ വിലയിലുള്ള ഇലക്ട്രിക് സ്കൂട്ടര്‍ പുറത്തിറക്കാന്‍ ഒരുങ്ങി ഏഥര്‍. ലക്ഷം രൂപയില്‍ താഴെ വിലയില്‍ എത്താന്‍ പോകുന്ന ഇലക്ട്രിക് സ്കൂട്ടറിന് ഏഥര്‍ 450S എന്നായിരിയ്ക്കും പേരെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവി സ്റ്റാര്‍ട്ടപ്പ് ഈ പേരിനായി ട്രേഡ്മാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതിനായി ഇലക്ട്രിക് സ്കൂട്ടറിന്റെ ഫീച്ചര്‍ ലിസ്റ്റില്‍ വെട്ടിനിരത്തല്‍ നടത്തും. ഏഥര്‍ 450S വേരിയന്റില്‍ നിലവിലുള്ള 450X പ്രോ പായ്ക്കില്‍ കാണപ്പെടുന്ന പല ഹൈടെക് ഫീച്ചറുകളും നഷ്ടമാകും.
ഫുള്‍ കളര്‍ 7 ഇഞ്ച് TFT ടച്ച്സ്ക്രീന്‍ ഡിസ്പ്ലേ പോലുള്ള ഫീച്ചറുകള്‍ ഇല്ലെങ്കിലും ബജറ്റ് ഇവി നോക്കുന്നവര്‍ ഒരു കുറ്റവും പറയില്ല. സ്റ്റാന്‍ഡേര്‍ഡ് ഏഥര്‍ 450X ഇലക്ട്രിക് സ്കൂട്ടറില്‍ ഇതിനോടകം ഫുള്‍ കളര്‍ യൂനിറ്റ് മാറ്റി ഗ്രേ സ്കെയില്‍ യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ട്. 4G കണക്റ്റിവിറ്റി, മ്യൂസിക് കോള്‍ ആക്സസ്, ഗൈഡ് മീ ഹോം ലൈറ്റ്, ഹില്‍ അസിസ്റ്റ്, പാര്‍ക്ക് അസിസ്റ്റ് തുടങ്ങി അത്യാവശ്യമല്ലാത്ത പല ഫീച്ചറുകളും നീക്കം ചെയ്യപ്പെട്ടേക്കും. സ്റ്റാന്‍ഡേര്‍ഡ് 450X വേരിയന്റിലും ഇവ ഇപ്പോള്‍ കാണാനാകില്ല. കുറഞ്ഞ വിലയില്‍ ലഭ്യമാക്കാന്‍ വേണ്ടി ഏഥര്‍ 450S വേരിയന്റില്‍ നിന്നും ഈ ഫീച്ചറുകള്‍ അപ്രത്യക്ഷമാകും. ഫീച്ചറുകളുടെ കാര്യത്തില്‍ മാത്രമല്ല വില കുറക്കാനായി 450X-ലെ അലൂമിനിയം ഫ്രെയിമിലും ഏഥര്‍ കൈവെക്കും. പകരം ഒരു ട്യൂബുലാര്‍ ഫ്രെയിം ആയിരിക്കും ഏഥര്‍ 450S-ന് ലഭിച്ചേക്കുക. ഒപ്പം തന്നെ ചെറിയ ബാറ്ററി പായ്ക്കും പവര്‍ കുറഞ്ഞ മോട്ടോറുമായിരിക്കും സജ്ജീകരിക്കുക.






