
മാതാപിതാക്കള്‍ പരസ്പരം ബന്ധം വേര്പിരിയുമ്പോള് കഷ്ടത്തിലാകുന്നത് മക്കളാണ്. മക്കള്‍ അച്ഛന്റേയോ, അമ്മയുടേയോ അവരില്‍ ആര്‍ക്കെങ്കിലും ഒരാളുടെ ഒപ്പമാകും പോകുന്നത്. അതു പോലെ ഒരു അച്ഛന്റെയും, മകളുടേയും കഥ പറയാം. ജെയ്ന്‍ ഗ്രഹാമിന് തന്റെ അച്ഛന് ജെയിംസ് മക്ഗാര്വിയുമായുള്ള ബന്ധം അവളുടെ മൂന്നാമത്തെ വയസില്‍ നഷ്ടപ്പെട്ടതാണ്. ഇപ്പോഴിതാ 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് നഷ്ടപ്പെട്ടുപോയ മകളുമായി ഒത്തുചേര്‍ന്നിരിയ്ക്കുകയാണ് അച്ഛന് ജെയിംസ് മക്ഗാര്‍വി. മാതാപിതാക്കളുടെ വിവാഹബന്ധം തകര്‍ന്നതോടെ ജെയ്ന്‍ ഗ്രഹാം അമ്മയ്ക്കൊപ്പം കെന്റണിലേക്ക് പോയി. എന്നാല്‍, അവള് വളര്‍ന്നപ്പോള്‍ തന്റെ അച്ഛനെ കണ്ടെത്തണം എന്നും കണ്ടുമുട്ടണം എന്നുമുള്ള ആഗ്രഹം അവളില്‍ ഉണ്ടായി.
അച്ഛനെ കണ്ടെത്താനുള്ള ശ്രമത്തില്‍ അവള് Ancestery.com -ല്‍ ചേര്‍ന്നു. എന്നാല്‍, നിരാശ ആയിരുന്നു ഫലം. അവളുടെ അച്ഛനെ കണ്ടെത്താന്‍ ജെയ്ന്‍ ഗ്രഹാമിന് സാധിച്ചില്ല. അങ്ങനെ അതുവഴിയുള്ള ശ്രമങ്ങളും അവള് ഉപേക്ഷിച്ചു. എന്നാല്‍, രണ്ട് വര്‍ഷം മുമ്പ് അവളുടെ അച്ഛന്റെ രണ്ടാം ഭാര്യയെ കുറിച്ചുള്ള വിവരങ്ങള്‍ അവള്‍ക്ക് കിട്ടി. അങ്ങനെ ജെയ്ന്‍ ഫേസ്ബുക്കില്‍ അവര്‍ക്ക് മെസേജ് അയച്ചു. കുറേക്കാലം ആരും ആ മെസേജ് വായിച്ചില്ല. എന്നാല്‍ ഒരുപാട് നാളുകള്‍ക്ക് ശേഷം ആ മെസേജ് അവര്‍ വായിയ്ക്കുകയും അവള്‍ക്ക് അതിന് മറുപടി ലഭിക്കുകയും ചെയ്തു. അവര്‍ അവള്‍ക്ക് അച്ഛന്റെ ഫോണ്‍ നമ്പര്‍ നല്കി.
വളരെ നീണ്ട കാലത്തിന് ശേഷം അവളും അച്ഛനും കണ്ടുമുട്ടി. ഇരുവരും പരസ്പരം തമ്മില്‍ കണ്ടപ്പോഴാണ് അവള്‍ക്ക് മനസിലാക്കുന്നത് തന്റെ അച്ഛന് താന്‍ താമസിയ്ക്കുന്ന സ്ഥലത്ത് നിന്നും ഏകദേശം നാല് മൈലുകള്‍ മാത്രം അപ്പുറത്ത് തന്നെയായിരുന്നു താമസിച്ചിരുന്നത് എന്ന്.
താനും അച്ഛനും ഒരുപാട് കാര്യങ്ങളില്‍ സമാനതകള്‍ പുലര്‍ത്തിയിരുന്നു എന്ന് ജെയ്ന്‍ പറയുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം അച്ഛനെ കണ്ടുമുട്ടിയപ്പോള്‍ താന്‍ ഏറെ സന്തോഷവതിയായി. അതുവരെ തന്റെ ശരീരത്തിന്റെ ഒരു ഭാഗം കളഞ്ഞു പോയത് പോലെ ആയിരുന്നു എന്നും ജെയ്ന്‍ പറയുന്നു. അച്ഛന് പറയുന്നതാകട്ടെ മകളെ കണ്ടപ്പോള്‍ താന്‍ സന്തോഷം കൊണ്ട് കരഞ്ഞുപോയി എന്നാണ്. ഒരുയ്ക്കലും ഇത്തരമൊരു കൂടി കാഴ്ച ഉണ്ടാകുമെന്ന് സ്വപ്നത്തില്‍ പോലും പ്രതീക്ഷിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.






