
മലയാള സിനിമാപ്രേക്ഷകര്‍ക്ക് ഏറെയിഷ്ടമുള്ള താരമാണ് പൃഥ്വിരാജ് സുകുമാരന്‍. താരം അഭിനയിക്കുന്ന സിനിമകള്‍ മാത്രമല്ല സംവിധാനം ചെയ്യുന്ന സിനിമകളും പ്രേക്ഷകര്‍ രണ്ടു കൈയും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വീകരിച്ച നടപടികള്‍ക്ക് പിഴയായി 25കോടി രൂപ പൃഥ്വിരാജിന് അടയ്ക്കേണ്ടി വന്നുവെന്ന തരത്തില്‍ കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പിന്നീട് ഇതിനെതിര പൃഥ്വിരാജ് തന്നെ രംഗത്തെത്തി. ഈ ആരോപണം തീര്‍ത്തും അസത്യവും അടിസ്ഥാന രഹിതവും അത്യന്തം അധിക്ഷേപകരവും ആണെന്നാണ് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു. ഇപ്പോഴിതാ ആരോപണങ്ങള്‍ക്കിടെ 'ഗുരുവായൂര്‍ അമ്ബലനടയില്‍' എന്ന ചിത്രത്തിന്റെ പൂജയുടെ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് താരം. ‘‘ഗുരുവായൂർഅമ്പലനടയിൽ’ ഇന്ന് മുതൽ ഷൂട്ടിംഗ് തുടങ്ങും.’ എന്നാണ് ചിത്രത്തിനൊപ്പം പൃഥ്വിരാജ് കുറിച്ചത്.
ബേസില്‍ ജോസഫും പൃഥ്വിരാജും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിപിന്‍ദാസ് ആണ്. ജയ ജയ ജയ ജയഹേ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം വിപിന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്, ഇ ഫോര്‍ എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ മുകേഷ് ആര് മേത്ത, സി വി സാരഥി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. കുഞ്ഞിരാമായണത്തിന് ശേഷം ദീപു പ്രദീപ് രചന നിര്‍വഹിക്കുന്ന ചിത്രമാണിത്.
സിനിമയുടെ പൂജയുടെ ചിത്രങ്ങള്‍ നിര്‍മ്മാതാവ് കൂടിയായ സുപ്രിയ മേനോനും പങ്കുവച്ചിട്ടുണ്ട്. ‘‘ഞങ്ങളുടെ പുതിയ സിനിമ ഇന്ന് ആരംഭിക്കുന്നു. ഗുരുവായൂരപ്പന്റെ അനുഗ്രഹത്താലും നിങ്ങളുടെ അനുഗ്രഹങ്ങളാലും ഒരു മികച്ച തുടക്കം പ്രതീക്ഷിക്കുന്നു.’’ എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം സുപ്രിയ കുറിച്ചത്.






