
ഇന്ത്യയിലെ ഗിയര്‍ ബോക്സുള്ള ആദ്യത്തെ ഇലക്ട്രിക് മോട്ടോര്‍സൈക്കിളാണ് മാറ്റര്‍ ഏറ. ഇപ്പോള്‍ ഈ കമ്പനി തങ്ങളുടെ ഉപയോക്താക്കള്‍ക്കായി ഗംഭീര ഓഫറുകളുമായി എത്തിയിരിയ്ക്കുകയാണ്. ഏറ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന ആദ്യത്തെ 9999 പേര്‍ക്കാണ് പ്രത്യേക ഓഫര്‍ നേടാനാകുക. 1,999 രൂപ ടോക്കണ്‍ തുക നല്കി ഇലക്ട്രിക് ബൈക്ക് പ്രീ ബുക്ക് ചെയ്യുന്നവര്‍ക്ക് വാഹനം വാങ്ങുമ്പോള്‍ 5,000 രൂപ ആനുകൂല്യം നേടാനും കഴിയും.
10,000 മുതല്‍ 29,999 വരെയുള്ള പ്രീ ബുക്കിംഗുകള്‍ക്ക് 2,999 രൂപയാണ് ടോക്കണ്‍ തുകയായി ഈടാക്കുക. ഇവര്‍ക്ക് 2,500 രൂപയുടെ ആനുകൂല്യം നേടാനും കഴിയും. 30,000 മുതലുള്ള പ്രീബുക്കിംഗുകള്ക്ക് 3,999 രൂപയാണ് അടക്കേണ്ടത്. എന്നാല്‍ ആനുകൂല്യങ്ങള്‍ ഒന്നും ലഭ്യമാകില്ല. ഉപഭോക്താക്കള്‍ ബുക്കിംഗ് റദ്ദാക്കുകയാണെങ്കില്‍ പ്രീ ബുക്കിംഗ് തുക മുഴുവനായി റീഫണ്ട് ചെയ്യുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഡല്‍ഹി, മുംബൈ, ചെന്നൈ, ഹൈദരാബാദ്, കൊല്‍ക്കത്ത, അഹമ്മദാബാദ് എന്നിവയുള്‍പ്പെടെ രാജ്യത്തെ 25 നഗരങ്ങളിലും ജില്ലകളിലുമായി മെയ് 17 മുതലാണ് ഇലക്ട്രിക് ബൈക്കിന്റെ ബുക്കിംഗ് ആരംഭിക്കുന്നത്.
ഇവി നിര്‍മ്മാതാവിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി മാറ്റര്‍ ഏറ ഇലക്ട്രിക് ബൈക്ക് ബുക്ക് ചെയ്യാം. ഇത് കൂടാതെ ഫ്ലിപ്കാര്‍ട്ട്, ഒക്ടോക്യാപിറ്റല് എന്നീ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലൂടെയും ഇവി മുന്‍കൂറായി ബുക്ക് ചെയ്യാം. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലായിരിക്കും മാറ്റര്‍ ഏറ ഇവിയുടെ പ്രീ ബുക്കിംഗ്. ഒരേ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് രണ്ട് ബൈക്കുകള്‍ വരെ ബുക്ക് ചെയ്യാന്‍ പറ്റും. കേരളമടക്കമുള്ള സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്ക് വെയ്റ്റിംഗ് ലിസ്റ്റില്‍ ചേരാനും അവരുടെ പ്രദേശങ്ങളില്‍ ബൈക്ക് ലഭ്യമാകുമ്പോള്‍ നോട്ടിഫിക്കേഷന്‍ ലഭിക്കാനുമുള്ള സംവിധാനമുണ്ട്. പ്രീ-ബുക്കിംഗുകള്‍ക്ക് ശേഷം ഫൈനല്‍ ഡെലിവറിക്ക് മുമ്പ് മാറ്റര്‍ എക്സ്പീരിയന്‍സ് സെന്ററുകളില്‍ ടെസ്റ്റ് ഡ്രൈവുകള്‍ നടത്തും.
നാല് സ്പീഡ് ഹൈപ്പര്‍-ഷിഫ്റ്റ് ഗിയറുകളുള്ള രാജ്യത്തെ ആദ്യത്തെ ഗിയര്‍ ഇലക്ട്രിക് ബൈക്കാണ് മാറ്റര്‍ ഏറ. 4000, 5000, 5000+, 6000+ എന്നിങ്ങനെ നാല് ട്രിം ലെവലുകളിലാണ് മാറ്റര്‍ ഏറ ഇലക്ട്രിക് ബൈക്ക് ഉപഭോക്താക്കളിലേക്ക് എത്തുന്നത്. വെറും ആറ് സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ മാറ്റര്‍ ഏറ ഇലക്ട്രിക് ബൈക്കിന് സാധിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മാറ്റര്‍ ഏറക്ക് ഒരു കിലോമീറ്റര്‍ ഓടാന്‍ വെറും 25 പൈസ മാത്രമാണ് ചെലവ് വരുന്നതെന്നാണ് കമ്പനിയുടെ പക്ഷം. ഒരു ലിക്വിഡ് കൂള്‍ഡ് ബാറ്ററിയാണ് ഇതിന് കരുത്ത് പകരുന്നത്. ഈ ബാറ്ററി ഹീറ്റ് മാനേജ്മെന്റിനും സഹായിക്കുന്നു. 6000+ ഒഴികെയുള്ള മാറ്റര്‍ ഏറയുടെ എല്ലാ വേരിയന്റുകള്‍ക്കും ഫുള്‍ ചാര്‍ജില്‍ 125 കിലോമീറ്റര്‍ വരെ റേഞ്ച് കമ്പനി വാഗ്ദാനം ചെയ്യുന്നു. അതേസമയം മാറ്റര്‍ ഏറ 6000+ ഇ-ബൈക്കിന് 150 കിലോമീറ്റര്‍ വരെ റൈഡിംഗ് റേഞ്ച് ഉണ്ടെന്നാണ് കമ്പനി പറയുന്നത്. മികച്ച ഡിസൈനില്‍ വരുന്ന ഇ-ബൈക്കില്‍ കണക്റ്റഡ് ടെക്നോളജിയും 7 ഇഞ്ച് ടച്ച് സ്ക്രീന്‍ അടക്കമുള്ള ഫീച്ചറുകളും സജ്ജീകരിച്ചിരിക്കുന്നു. ഏറ 5000+ ഇലക്ട്രിക് ബൈക്കിന് 1,53,999 രൂപയാണ് വില വരുന്നത്.






