
ബംഗലുരു: ദിവസങ്ങള്‍ നീണ്ടു നിന്ന അനിശ്ചിതത്തിനൊടുവില്‍ കര്‍ണാടകത്തില്‍ പ്രതിസന്ധി അയയുന്നു. സിദ്ധരാമയ്യ തന്നെ മുഖ്യമന്ത്രിയാകും. ശനിയാഴ്ച സത്യപ്രതിജ്ഞ നടക്കുമെന്നാണ് സൂചനകള്‍. ഡി.കെ. ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകും. ആഭ്യന്തരവകുപ്പ് അടക്കമുള്ള വകുപ്പുകളും ശിവകുമാറിനാകും. വാര്‍ത്താ ഏജന്‍സിയായ എന്‍ഐഎ യാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി തീരുമാനിച്ച കാര്യം ഉടന്‍ തന്നെ കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിക്കും. മുഖ്യമന്ത്രക്കസേരയില് നേരത്തേ സിദ്ധരാമയ്യ മുമ്പോട്ട് വെച്ച് ടേം വ്യവസ്ഥ അംഗീകരിച്ചു. രണ്ടുവര്‍ഷം സിദ്ധരാമയ്യയും ബാക്കി മൂന്ന് വര്‍ഷം ഡി.കെ. ശിവകുമാറുമെന്ന ഫോര്‍മുല ഇരു നേതാക്കളും അംഗീകരിച്ചതായിട്ടാണ് വിവരം. ഇന്ന് വൈകിട്ട് 7 മണിക്ക് ചേരുന്ന നിയമസഭാ കക്ഷി യോഗത്തില്‍ അന്തിമ തീരുമാനം വരും. കോണ്‍ഗ്രസിന്റെ എല്ലാ എംഎല്‍എ മാരോടും യോഗത്തിന് എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഉപമുഖ്യമന്ത്രിയായി ഒരാളേ ഉണ്ടാകൂ. സിദ്ധരാമയ്യയും ശിവകുമാറും ഇന്നലെ രാഹുല്‍ഗാന്ധിയെ സന്ദര്‍ശിച്ചിരുന്നു. ഇന്നലെ രാത്രി ഏറെ വൈകിയും പ്രശ്നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗേയുടെ പ്രയത്നം ഫലം കാണുകയായിരുന്നു. കര്‍ണാടകാ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ശനിയാഴ്ച നടക്കുമെന്നും മല്ലികാര്‍ജ്ജുന ഖാര്‍ഗേ പങ്കെടുക്കുമെന്നുമാണ് വിവരം. എഐസിസിയുടെ നിരീക്ഷകര്‍ ആവശ്യപ്പെട്ടത് അനുസരിച്ചാണ് ബംഗലുരുവില്‍ നിയമസഭാ കക്ഷിയോഗം ഇന്ന് ചേരുന്നത്.






