
സൗത്ത് ഈസ്റ്റ് ഏഷ്യല്‍ ഗെയിംസില്‍ ഏറ്റവും കൂടുതല്‍ കാണികളെ ത്രസിപ്പിച്ച കംബോഡിയന്‍ അത്ലറ്റ് ബൗ സാംനാങിന്റെ മത്സര ദൃശൃങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 5,000 മീറ്റര്‍ ഓട്ടമത്സരത്തിലാണ് ഇവര്‍ മത്സരിച്ചത്. ട്രാക്കില്‍ ഏറ്റവും അവസാനമായി ഓടിയെത്തിയ ആളായിരുന്നു ഇവരെങ്കിലും ബൗ സാംനാങ് കാണിച്ച നിശ്ചയദാര്‍ഢ്യത്തിന് കാണികള്‍ ഗംഭീര കയ്യടിയാണ് നല്‍കിയത്. മത്സരത്തില്‍ വിജയിയായ വിയറ്റ്നാമിന്റെ തി ഓങ് ആറ് മിനിറ്റ് മുമ്പേ ഫിനിഷിംഗ് ലൈന്‍ കടന്നിരുന്നുവെങ്കിലും കനത്ത മഴയെ അവഗണിച്ചാണ് വിജയവും പരാജയും നോക്കാതെ ബൗ സാംനാങ് മത്സരം പൂര്‍ത്തിയാക്കിയത്. അതിനാല്‍ തന്നെ മത്സരത്തില്‍ വിജയിച്ച താരത്തിന് കിട്ടിയതിലും അഭിനന്ദനങ്ങളും സ്നേഹവുമാണ് ഇവര്‍ക്ക് കാണികളില്‍ നിന്ന് ലഭിച്ചത്.
ഒളിമ്പിക്സ് ഡോട്ട് കോമിന് മത്സര ശേഷം നല്കിയ അഭിമുഖത്തില്‍ ഇവര്‍ പറഞ്ഞതിങ്ങനെ 'മത്സരത്തില്‍ പരാജയപ്പെട്ടവളായിട്ടും ഞാന്‍ പോകുന്നിടത്തെല്ലാം എല്ലാവരും എന്നെ തിരച്ചറിയുകയും സ്വീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നു. ഇത്രമാത്രം വലിയൊരു മാറ്റം എന്റെ ജീവിതത്തില്‍ വരുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല.' മത്സരത്തിനിടയില്‍ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്ന് മുന്‍കൂട്ടി അറിയിപ്പുകള് ഉണ്ടായിരുന്നെങ്കിലും ഇത്രയും ശക്തമായ കാറ്റും മഴയും വരുമെന്ന് കരുതിയിരുന്നില്ല. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിയും മിന്നലുമൊക്കെ ഉണ്ടായത് വന്‍ വെല്ലുവിളിയായിരുന്നെന്നും പക്ഷേ എങ്ങനെയും മത്സരം പൂര്‍ത്തിയാക്കുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഏറെ വികാരഭരിതമായ നിമിഷങ്ങളാണ് മത്സരത്തിനിടയില്‍ ട്രാക്കില്‍ അരങ്ങേറിയത്. നിലയ്ക്കാതെ പെയ്യുന്ന മഴയ്ക്കിടയില്‍ ബൗ സാംനാങ് ഫിനിഷിങ് ലൈന്‍ നിറ കണ്ണുകളോടെ കടക്കുന്നത് ദൃശൃങ്ങളില്‍ കാണാം. മത്സരം ഉപേക്ഷിക്കാതിരുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരമായി അവര്‍ പറഞ്ഞത്. ഓട്ടം നിര്‍ത്താന്‍ തനിക്ക് അവകാശമുണ്ടെങ്കിലും തന്റെ രാജ്യത്തിന് വേണ്ടി ഏറ്റെടുത്ത ഒരു ദൗത്യം പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ തനിക്ക് ആകുമായിരുന്നില്ല എന്നുമാണ്. ബൗ സാംനാങിന് മത്സരത്തിനും മുമ്പ് കടുത്ത ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നെങ്കിലും അതൊന്നും വകവയ്ക്കാതെ ആയിരുന്നു ഇവര്‍ മത്സരത്തിന് ഇറങ്ങിയത്. കംബോഡിയന്‍ ആരാധകര്‍ മാത്രമല്ല ഗാലറിയില്‍ ഉണ്ടായിരുന്ന എല്ലാവരും താന്‍ ട്രാക്കില്‍ തനിച്ചായപ്പോള്‍ ഒരേ മനസ്സോടെ പ്രോത്സാഹനമേകിയെന്നും ഇത് ഓട്ടം പൂര്‍ത്തിയാക്കാന്‍ തന്നെ സഹായിച്ചെന്നും ബൗ സാംനാങ്ങ് പറയുന്നു.






