
ന്യൂഡല്ഹി: ഇതാണ് പ്രധാനമന്ത്രിയ്ക്ക് വിദ്യാഭ്യാസം വേണമെന്ന് പറയുന്നതിന്റെ കാരണമെന്ന് പ്രധാനമന്ത്രിയെ വിമര്ശിച്ച് ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. 2000 ന്റെ നോട്ട് പിന്വലിച്ചതിന് പിന്നാലെയായിരുന്നു കെജ്രിവാളിന്റെ പരിഹാസം.
''സര്ക്കാര് ആദ്യം 2000 നോട്ട് കൊണ്ടുവന്നപ്പോള് പറഞ്ഞത് അഴിമതിയെ തടയാന് എന്നായിരുന്നു. ഇപ്പോള് അത് നിരോധിക്കാനും അവര് പറയുന്നത് അഴിമതി ഇല്ലാതാക്കാന് എന്നാണ്. ഇതാണ് പറയുന്നത് വിദ്യാഭ്യാസമില്ലാത്ത ഒരു പ്രധാനമന്ത്രിയോട് ആര്ക്കും എന്തും പറയാനാകുമെന്ന്. കാരണം അദ്ദേഹത്തിന് അത് മനസ്സിലാകില്ല. എല്ലാം ജനം സഹിച്ചോണം'' ഹിന്ദിയില് നടത്തിയ ട്വീറ്റില് കെജ്രിവാള് പരിഹസിച്ചു.
വെള്ളിയാഴ്ചയായിരുന്നു പ്രധാനമന്ത്രിയും ആര്ബിഐ യും 2000 ന്റെ നോട്ട് പിന്വലിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. 2016 ല് 500 ന്റെയും 1000 ന്റെയും നോട്ടുകള് നിരോധിച്ചു കൊണ്ടായിരുന്നു 2000 ന്റെ കറന്സി നോട്ട് പുറത്തുവിട്ടത്. ആറു വര്ഷം കഴിഞ്ഞപ്പോള് 2000 ന്റെ നോട്ടും നിരോധിക്കുകയാണ്.
സെപ്തംബര് 30 വരെയാണ് 2000 നോട്ട് മാറിയെടുക്കാന് സമയം നല്കിയിരിക്കുന്നത്. പരമാവധി 10 നോട്ടുകള് വരെയാണ് മാറ്റിയെടുക്കാന് കഴിയുക. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി ഈ രീതിയിലുള്ള കേന്ദ്രസര്ക്കാരിന്റെ ഒരു നീക്കം പ്രതിപക്ഷ പാര്ട്ടികള് ആയുധമാക്കി മാറ്റുകയാണ്.







Comments