
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ഇംഫാലിലെ ന്യൂ ചെക്കോണ്‍ ചന്തയില്‍ ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഘര്‍ഷമുണ്ടായത്. ഇവിടെ സൈന്യത്തെ വിന്യസിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് ഇംഫാലില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ചിലര്‍ ഇംഫാലില്‍ ന്യൂ ലംബുലാനെയില്‍ ഉപേക്ഷിക്കപ്പെട്ട വീടുകള്‍ക്ക് തീയിട്ടതിനാല്‍ സൈന്യം തീയണക്കാനുളള ശ്രമത്തിലാണ്. വെളളിയാഴ്ച വരെ സംസ്ഥാനത്ത് ഇന്റര്‍നെറ്റിന് നിരോധനം ഏര്‍പ്പെടുത്തി.
മണിപ്പൂരില്‍ മെയ്തെയ് വിഭാഗത്തിന്റെ പട്ടിക വര്‍ഗ പദവിയുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കലാപത്തില്‍ കലാശിച്ചത്.
തങ്ങളുടെ സാമൂഹിക പിന്നോക്കവസ്ഥ പരിഗണിച്ച് പട്ടിക വര്‍ഗ്ഗ പദവി വേണമെന്ന് മെയ്തെയ് വിഭാഗക്കാര്‍ ദീര്‍ഘനാളായി ഉയര്‍ത്തുന്ന വിഷയമാണ്.
1949 ല്‍ മണിപ്പൂര്‍ ഇന്ത്യയോട് ചേരുന്നത് വരെ തങ്ങളെ ഗോത്രമായാണ് പരിഗണിച്ചിരുന്നതെന്നും എന്നാല്‍ അതിന് ശേഷം പദവി നഷ്ടമായെന്നും മെയ്തെയ് വാദിക്കുന്നു. എന്നാല്‍ ഇതിനെ നാഗ, കുക്കി വിഭാഗങ്ങള്‍ എതിര്‍ക്കുകയാണ്. മെയ്തെയ് വിഭാഗത്തിന് 60 അംഗ നിയമസഭയിലെ 40 സീറ്റുകളില്‍ പ്രാതിനിധ്യം ഉണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മെയ്തെയ്ക്ക് പട്ടികവര്‍ഗ പദവി ലഭിക്കുമ്പോള്‍ നാഗ കുക്കി വിഭാഗങ്ങള്‍ തങ്ങളുടെ ജോലി സാധ്യത അടക്കം കുറയുമെന്നും ആരോപിക്കുന്നു.ഇതുവരെ 70 ലധികം ആളുകളാണ് അക്രമത്തിലും തീവെയ്പ്പിലും കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് ആളുകള്‍ക്ക് വീട് നഷ്ടമായി്.






