
പാലാ: സിവില്‍ സര്‍വീസ് പരീക്ഷയില്‍ പരിശീലനവും മുന്‍വിധികളുമില്ലാതെ ഗഹന നേടിയെടുത്തത് രാജ്യത്തെ ആറാം റാങ്ക്. കേരളത്തില്‍ ഒന്നാമെത്ത റാങ്കും ഈ മിടുമിടുക്കിക്കാണ്. സിവില്‍ സര്‍വീസിനെ ബാലികേറാമലയായി കാണുന്ന പുതുതലമുറയ്ക്കു മുന്നില്‍, ഒറ്റയ്ക്കു പൊരുതിനേടിയ വിജയത്തിന്റെ കഥയാണ് ഗഹനയ്ക്കു പറയാനുള്ളത്.
മുത്തോലി ചിറക്കല്‍ ജയിംസിന്റെയും ദീപാ ജോര്‍ജിന്റെയും മകളാണു ഗഹന നവ്യ ജയിംസ് എന്ന ഇരുപത്തുഞ്ചുകാരി. സിവില്‍ സര്‍വീസ് പഠനത്തിന് ഒരു പരിശീലന കേന്ദ്രത്തെയും ഗഹന ആശ്രയിച്ചിട്ടില്ല. ഒറ്റയ്ക്കു പഠിച്ചാണു റാങ്ക് നേടിയത്. ജപ്പാന് അംബാസിഡറും മാതൃസഹോദരനുമായ സിബി ജോര്‍ജാണ് വിദേശകാര്യ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഗഹനയ്ക്കു പ്രചോദനമായത്. 2021-ല്‍ പരീക്ഷയെഴുതി പ്രിലിമിനറി പാസായിരുന്നു. ഈ വര്‍ഷം വീണ്ടും ശ്രമം നടത്തി. അതില്‍ റാങ്ക് നേടാനായത് ഒത്തിരി സന്തോഷം തരുന്നെന്നും റാങ്ക് പ്രതീക്ഷിച്ചിരുന്നില്ലെന്നും ഗഹന പറയുന്നു.
ഒരുപാട് വായിക്കുന്ന ശീലമുണ്ട് ഗഹനയ്ക്ക്. ആദ്യം മലയാള ദിനപത്രങ്ങളാണു വായിച്ചിരുന്നത്. പിന്നീട് ഇംഗ്ലീഷ് പത്രങ്ങളും ദിനചര്യയാക്കി. ടൈം ടേബിള്‍ വച്ചുള്ള പഠനമില്ലായിരുന്നു. എപ്പോഴാണോ താല്പര്യം തോന്നുന്നത്, അപ്പോള്‍ തുടര്‍ച്ചയായി പഠിക്കും. അതായിരുന്നു ശീലം. പാലാ ചാവറ പബ്ലിക് സ്കൂളില്‍ പഠിച്ചാണ് ഗഹന പത്താംക്ലാസ് വിജയിച്ചത്. പാലാ സെന്റ് മേരീസ് സ്കൂളില്‍ പഠിച്ച് ഫുള്‍ എ പ്ലസോടെ പ്ലസ്ടു വിജയിച്ചു. തുടര്‍ന്ന് പാലാ അല്‍ഫോന്‍സാ കോളജില്‍നിന്ന് ഒന്നാം റാങ്കോടെ ചരിത്രത്തില്‍ ബിരുദം നേടി.
സെന്റ് തോമസ് കോളജില്‍ പഠിച്ച് എം.എ. പൊളിറ്റിക്കല്‍ സയന്‍സിലും ഒന്നാം റാങ്ക് നേടി വിജയിച്ചു. യു.ജി.സി. നാഷണല്‍ റിസര്‍ച്ച് ഫെലോഷിപ്പും ഗഹന സ്വന്തമാക്കിയിട്ടുണ്ട്. എം.ജി. സര്‍വകലാശാലയില്‍ ഇന്റര്‍നാഷനല്‍ റിലേഷന്‍സില്‍ ഗവേഷണം നടത്തി വരുമ്പോഴാണ് സിവില്‍ സര്‍വീസ് പരീക്ഷയില്‍ റാങ്ക് തേടിയെത്തുന്നത്. ഫോറിന് അഫയേഴ്സില് പ്രവര്‍ത്തിക്കാനാണ് ആഗ്രഹമെന്ന് ഗഹന പറയുന്നു.
പഠനത്തോടൊപ്പം കലോത്സവങ്ങളിലും ഈ മിടുക്കി സാന്നിധ്യമറിയിച്ചിട്ടുണ്ട്. കവിതാരചന ഇഷ്ടവിഷയമാണ്. തന്റെ വിജയത്തില്‍ കുടുംബം ഉറച്ച പിന്തുണയാണു നല്‍കിയതെന്നു ഗഹന പറയുന്നു. പിതാവ് സി.കെ. ജയിംസ് പാലാ സെന്റ് തോമസ് കോളജ് റിട്ട. ഹിന്ദി പ്രഫസറും മാതാവ് ദീപ സംസ്കൃത സര്‍വകലാശാലയിലെ മുന്‍ അധ്യാപികയുമാണ്. പാലാ സെന്റ് തോമസ് കോളജിലെ ബിരുദവിദ്യാര്‍ഥി ഗൗരവ് അമല്‍ ജയിംസാണു സഹോദരന്.






