
കോഴിക്കോട്/കാസര്‍ഗോഡ് : സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഷെറിന് ശഹാനയും കാജല്‍ രാജുവും നേടിയ വിജയത്തിനു തിളക്കമേറെ. പരിമിതികള്‍ ലക്ഷ്യത്തിനു തടസമല്ലെന്നു തെളിയിച്ച ഇവര്‍ നാടിനു മാതൃക. അഞ്ച് വര്‍ഷം മുമ്പ് വയനാട് കമ്പളക്കാട് വീടിന്റെ ടെറസില്‍നിന്നു വീണു നട്ടെല്ലിനു പരുക്കേറ്റു വീല്‍ചെയറിലായപ്പോഴും ഷെറിന് ശഹാന പതറിയില്ല. ഉപ്പയുടെ മരണം ആഘാതമായെങ്കിലും സിവില്‍ സര്‍വീസെന്ന ലക്ഷ്യവുമായി മുന്നോട്ടുപോയി. സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാം ശ്രമത്തില്‍ 913-ാം റാങ്ക്.
നാലു പെണ്മക്കളില് ഇളയവളാണ് ഷെറിന് ശഹാന. മുന്നിലുള്ള രണ്ടു സഹോദരിമാരും പത്താംക്ലാസില്‍ പഠനം നിര്‍ത്തി വിവാഹിതരായവര്‍. തിരുവനന്തപുരത്തെ അബ്സല്യൂട്ട് ഐ.എ.എസ്. അക്കാദമിയുടെ ചിത്രശലഭമെന്ന കോഴ്സില്‍ ചേര്‍ന്നത് വഴിത്തിരിവായി. കാലിക്കറ്റ് സര്‍വകലാശാലയില്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ഗവേഷക വിദ്യാര്‍ഥിയുമായി. ഇതിനിടെ താങ്ങും തണലുമായിരുന്ന ഉപ്പ ഉസ്മാന് മരിച്ചു.
സിവില്‍ സര്‍വീസ് പരീക്ഷയിലെ വിജയ വാര്‍ത്ത എത്തുമ്പോള്‍ ഷെറിന് ശഹാന പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. നട്ടെല്ലിനേറ്റ പരുക്കിനു ചികിത്സ തേടിവരവേ വാഹനാപകടത്തില്പ്പെട്ടതോടെയാണു വീണ്ടും ആശുപത്രിയിലായത്. ആദ്യശ്രമത്തില്‍ തന്നെ സിവില്‍ സര്‍വീസ് പരീക്ഷ ജയിച്ച കാസര്‍ഗോഡ് സ്വദേശിനി കാജല്‍ രാജുവിന്റെ നേട്ടവും അതുല്യം. ജന്മനാ വലതുെകെയ്ക്കുള്ള പരിമിതി കാജലിന്റെ യാത്രയില്‍ തടസമായില്ല. 910-ാം റാങ്ക് നേടിയ കാജല്‍ നീലേശ്വരത്തെ രാജു-ഷീബ ദമ്പതികളുടെ മകളാണ്.
സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ച് ദമ്പതികളും
ചെങ്ങന്നൂര്‍: സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ച് ദമ്പതികള്‍. ശാസ്താംകുളങ്ങര ചൂനാട്ട് മഞ്ചീരത്തില് ഡോ. എം. നന്ദഗോപന് (30), ഭാര്യ മാളവിക ജി. നായര്‍(28) എന്നിവര്‍ക്കാണ് സിവില്‍ സര്‍വീസില്‍ റാങ്ക് ലഭിച്ചത്. മാളവികയ്ക്ക് 172-ാം റാങ്കും ഡോ.നന്ദഗോപന് 233-ാം റാങ്കുമാണ്.
നേരത്തെ ഐ.ആര്.എസ്. ലഭിച്ച മാളവിക ഇപ്പോള്‍ ഇന്‍കം ടാക്സ് കമ്മിഷണറായി മംഗലാപുരത്ത് ജോലി ചെയ്യുകയാണ്. മാളവികയുടെ അഞ്ചാമത്തെ ശ്രമമാണിത്. കോഴഞ്ചേരി ജില്ലാ മാനസികാരോഗ്യകേന്ദ്രത്തിലെ െസെക്യാട്രിസ്റ്റാണ് നന്ദഗോപന്. ഇദ്ദേഹത്തിന്റെ അവസാനത്തെ ശ്രമമായിരുന്നു ഇത്.






