
എന്റെ കേരളം മെഗാ മേളയില്‍ അഗ്നിരക്ഷാ സേന ഒരുക്കിയിട്ടുള്ളത് അപകട സന്ദര്‍ഭങ്ങളില്‍ ചെയ്യേണ്ട ജീവന്‍രക്ഷാ മാര്‍ഗങ്ങള്‍ നേരില്‍ കണ്ട് പഠിക്കാനുള്ള അവസരമാണ്. ബഹുനില കെട്ടിടങ്ങളില്‍ തീപിടുത്തം ഉണ്ടായാല്‍ സ്വീകരിക്കേണ്ട സുരക്ഷാക്രമീകരണങ്ങളെ കുറിച്ചും പൊതുജനങ്ങള്‍ക്ക് പ്രത്യേക പരിശീലനം നല്കുന്നു.
ഇവയ്ക്ക് പുറമെ ഹൃദയസ്തംഭനം, തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയാല്‍, പാമ്പുകടി ഏല്ക്കുമ്പോള് വെള്ളത്തില്‍ മുങ്ങിപ്പോവുക, തീപ്പിടുത്ത ഉണ്ടാവുക മുതലായ സാഹചര്യങ്ങളില്‍ അടിയന്തരമായി നല്‍കേണ്ട പ്രഥമ ശുശ്രൂഷയുടെ വിശദമായ വിവരണവും പരിശീലനവും അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ നല്‍കും. കൂടാതെ ജീവന് രക്ഷാ മാര്‍ഗങ്ങളെ കുറിച്ചുള്ള സംശയ നിവാരണത്തിനും അവസരമുണ്ട്.
ലൈഫ് ഡിറ്റക്റ്റര്‍, ഓക്സിജന്‍ കുറവുള്ള ഘട്ടങ്ങളിലും വിഷവാതകങ്ങള്‍ ഉള്ള പ്രദേശങ്ങളിലും ഉപയോഗിക്കുന്ന സ്കാബ സ്യൂട്ട്, വെള്ളം പമ്പ് ചെയ്യുന്നതിനുള്ള വാല്‍വുകള്‍, ഫ്ലോട്ടിങ് സ്ട്രെചര്‍, അപകടത്തില്‍പ്പെട്ട് തകര്‍ന്ന വാഹനങ്ങളുടെ ഭാഗങ്ങള്‍ വേര്‍പ്പെടുത്തുന്നതിനുമുള്ള ഉപകരണങ്ങള്‍, വെള്ളത്തിനുള്ളില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്ന സ്ക്യൂബ സ്യൂട്ട്, ഫയര്മാന് സ്യൂട്ട്, ഗ്യാസ് ഡിറ്റക്ടര്‍, ബ്ലോവര്‍, ഓട്ടോ ഫയര്‍ ബാള്‍ എന്നിവയും കാണാം.






