
ഗുര്‍ഗോണ്‍: രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയില്‍ ബാത്ത്റൂമിലെ ജനാലവഴി താഴെ വീണു കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതിയുടേയും പ്രതികളില്‍ ഒരാളുടേയും കാലുകള്‍ ഒടിഞ്ഞു. ബലാത്സംഗത്തിന്റെ തലസ്ഥാനമായി മാറിയ ഡല്‍ഹിയില്‍ ബുധനാഴ്ച രാത്രിയില്‍ നടന്ന സംഭവത്തില്‍ യുവതിയെ രക്ഷപ്പെടുന്നതില് നിന്നും തടയാന്‍ ശ്രമിക്കുമ്പോഴാണ് ഇരുവരും വീണത്. ഗുരുതരമായി പരിക്കേറ്റ രണ്ടു പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതികളായ രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.
ദ്വാരകയ്ക്ക് സമീപത്തെ ഹരിവിഹാറില്‍ ഗുര്‍ഗോണ്‍ സ്വദേശിയായ 21 കാരിയാണ് ആക്രമണത്തിനിരയായത്. ഹിമ്മത്ത്, സുനില്‍ എന്നീ യുവാക്കളാണ് പിടിയിലായത്. പ്രതിയെ ആശുപത്രിയില്‍ വെച്ചും കൂട്ടാളിയെ ഇയാള്‍ നില്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലും പോലീസ് അറസ്റ്റ് ചെയ്തു. രക്ഷപെടാനുള്ള ശ്രമത്തിനിടയില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ഒരു ദണ്ഡിന്റെ മീതേയ്ക്ക് വീണായിരുന്നു ഇരയ്ക്കും പ്രതി ഹിമ്മത്തിനും പരിക്കേറ്റത്.
ഗുര്‍ഗോണിലെ പഴയ ബസ് സ്റ്റാന്റില്‍ ബുധനാഴ്ച വൈകിട്ട് 5.30 യ്ക്ക് ബസ് കാത്തു നില്ക്കുമ്പോള് ഹിമ്മത്ത് സമീപിക്കുകയും പരിചയപ്പെടുകയും അടുപ്പം ഉണ്ടാക്കുകയും ചെയ്തു. ഈ സമയത്ത് രണ്ടാമത്തെ പ്രതി സുനില്‍ കാറില്‍ എത്തുകയും രണ്ടുപേരും വീട്ടില്‍ കൊണ്ടുവിടാമെന്ന് യുവതിയോട് പറയുകയും അവര്‍ കാറില്‍ കയറുകയും ചെയ്തു. തുടര്‍ന്ന് ഇവര്‍ യുവതിക്ക് മയക്കുമരുന്ന് കലക്കിയ പാനീയം നല്‍കുകയും ബോധരഹിതയാകുയും ചെയ്തു.
യുവതിയെ ഇരുവരും ഒരു ഫ്ളാറ്റില്‍ കൊണ്ടുപോയി ബലാത്സംഗത്തിന് വിധേയമാക്കി. മുമ്പ് ഉബര്‍ ടാക്സിയില്‍ ജോലി ചെയ്തിരുന്ന സുനിലിന്റെ കാറിലായിരുന്നു സംഘം പെണ്‍കുട്ടിയെ കടത്തിയത്. ഈ കാര്‍ ഇയാള്‍ നിതിന്‍ എന്നയാള്‍ക്ക് വാടകയ്ക്ക് ഓടിക്കാന്‍ കൊടുത്തിരിക്കുകയായിരുന്നു. യുവതിയെ ഇവര്‍ കൊണ്ടുപോയത് നിതിന്‍ താമസിച്ചിരുന്ന മൂന്നു നില ഫ്ളാറ്റിലേക്കായിരുന്നു. നിതിന്‍ ഈ സമയത്ത് അവിടെ ഉണ്ടായിരുന്നില്ലെങ്കിലൂം സുനിലിന്റെ കൈവശം താക്കോല്‍ ഉണ്ടായിരുന്നു.
ഹിമ്മത്തിനെയും യുവതിയെയും റൂമില്‍ അടച്ചുപൂട്ടിയിട്ട ശേഷം സുനില്‍ തന്റെ ജോലിക്കായി പോകുകയും ചെയ്തു. ഒരു മണിക്കൂര്‍ കഴിഞ്ഞ ബോധം വന്നപ്പോള്‍ യുവതി ബാത്ത്റൂമിലെ ജനാലവഴി രക്ഷപ്പെടാന്‍ ശ്രമം നടത്തി. ഇതിനിടയില്‍ ഹിമ്മത്ത് ഓടിയെത്തി യുവതിയെ തടയാന്‍ ശ്രമിക്കുകയും ഇരുവരും 15 മീറ്റര്‍ താഴെ ഒരു തൂണിന് മുകളിലേക്ക് വീഴുകയും ചെയ്തു. രണ്ടുപേര്‍ക്കും പുറത്തും കാലുകളിലും പരിക്കേറ്റു. ഇതിനിടയില്‍ ശബ്ദം കേട്ട് പ്രദേശവാസികള്‍ ഓടിയെത്തുകയും പോലീസിനെ വിളിച്ചു വരുത്തുകയും ചെയ്തു.
മോഷണം നടത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ കള്ളന്മാര് വീണതാകാം എന്നായിരുന്നു നാട്ടുകാര്‍ ആദ്യം കരുതിയത്. ഇരുവരെയും നാട്ടുകാര്‍ തന്നെ ഡിഡിയു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയെ കൂടുതല്‍ ചികിത്സയ്ക്കായി സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ വെച്ചു തന്നെ ഹിമ്മത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ നല്കിയ വിവരം വെച്ച് സുനിലിനെയും കയ്യോടെ പിടികൂടി. ഇരുവര്‍ക്കുമെതിരേ തട്ടിക്കൊണ്ടുപോകല്‍, മയക്കുമരുന്ന് നല്കല്, കൂട്ടബലാത്സംഗം എന്നീ കേസുകളാണ് ചുമത്തിയിരിക്കുന്നത്. ബലാത്സംഗങ്ങളുടെ തലസ്ഥാനമായി മാറിയിരിക്കുന്ന ഡല്‍ഹിയില്‍ ഈ വര്‍ഷം ഡിസംബര്‍ 15 വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് 2000 ബലാത്സംഗ കേസുകളാണ്.






