
വയനാട് : വയനാട്ടിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു. കൊല്ലിവെയിൽ ആദിവാസി കോളനിയിലെ യുവതി സിമിയാണ് മരിച്ചത്. മേപ്പാടി ചെമ്പോത്തറ കല്ലുമലയിലാണ് സംഭവം.
കൽപ്പറ്റ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വീടിന് മുകളിൽ ഉണക്കാനിട്ട വസ്ത്രം എടുക്കുന്നതിനിടെയാണ് ഇടിമിന്നലേറ്റത്. അതിശക്തമായ മഴയോട് കൂടിയുണ്ടായ ഇടിമിന്നലിലാണ് അപകടം സംഭവിച്ചത്.
അതേസമയം സംസ്ഥാനത്ത് അടുത്തിടെ ഇടിമിന്നലേറ്റുള്ള മരണങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ 12 ദിവസത്തിനിടയിൽ നാലാമത്തെ മരണമാണ് വയനാട് സ്വദേശിയായ യുവതിയുടേത്.
ഇടിമിന്നൽ–ജാഗ്രത നിർദ്ദേശങ്ങള്‍
ഇടിമിന്നൽ അപകടകാരികളാണ്. പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക.
മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസ്സിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
കാറ്റിൽ മറിഞ്ഞു വീഴാൻ സാധ്യതയുള്ള വസ്തുക്കൾ കെട്ടി വെക്കുക.
ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ മീൻ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാൻ പാടില്ല.






