
10 വര്‍ഷകാലം ഇന്ത്യന്‍ നിരത്ത് അടക്കി ഭരിച്ച മാരുതിയുടെ പ്രിയ മോഡല്‍ സ്വിഫ്റ്റ് ഈ വിജയം ആവര്‍ത്തിക്കാന്‍ ലക്ഷ്യമിട്ട് നവികരിച്ച പതിപ്പ് വിപണിയില്‍ എത്തിക്കുന്നു. ജാപ്പനീസ് വിപണിയിലാകും പുതിയ സ്വിഫ്റ്റ് അരങ്ങേറ്റം കുറിക്കുക.
നിരത്ത് കീഴടക്കുന്ന ബലേനോ ഹാച്ച്ബാക്കിന്റെ അതേ ലൈറ്റ് വെയ്റ്റ് പ്ലാറ്റ്ഫോമിലാണ് സ്വിഫ്റ്റിന്റെ പുത്തന്‍ മോഡല്‍ എത്തുന്നത്. ഭാരം കുറച്ച് ഇന്ധനക്ഷമത കൂട്ടിയാണ് പുതിയ മോഡല്‍ എത്തുന്നത്. എന്നാല്‍ വാഹനത്തിന്റെ വലിപ്പത്തില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല.
വിപണിയില്‍ ഉള്ള സ്വിഫ്റ്റിന്റെ എഞ്ചിന് അതേപടി നിലനിര്ത്തികൊണ്ടു തന്നെയാണ് പുത്തന്‍ സ്വിഫ്റ്റിന്റെ കടന്നുവരവും. 1.0 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ബൂസ്റ്റര്‍ജെറ്റ് പെട്രോള്‍ എഞ്ചിന്, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന് വകഭേദങ്ങള്‍ എത്താനും സാധ്യതയുണ്ട്.
ഇന്റീരിയറില്‍ അടിമുടി മാറ്റം വരുത്തിയിട്ടുണ്ട്. ആപ്പിള്‍ കാര്‍ പ്ലേ സൗകര്യത്തോടെ ഏഴ് ഇഞ്ച് ടച്ച് സ്ക്രീന്‍ ഇന്ഫോടെയ്ന്ണെന്റ സിസ്റ്റം ഇന്റീരിയറിന് പ്രീമിയം ലുക്ക് നല്കുന്നു. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്ട്രോള്, കീലെസ് എന്‍ട്രി, ഡ്യുവല്‍ ഫ്രണ്ട് എയര്‍ ബാഗും എബിഎസും സുരക്ഷ വര്‍ധിപ്പിക്കുന്നു. ഡ്യൂവല്‍ ടോണ്‍ ഡാഷ്ബോര്‍ഡിലും സീറ്റിലും ഈ പുതുമകള്‍ പ്രകടമാണ്.
എന്നാല്‍ ആദ്യമായി പുറത്തിറങ്ങിയ സ്വിഫ്റ്റിന്റെ മുഖമുദ്ര നിലനിര്‍ത്തി തന്നെയാണ് പുതിയ സ്വിഫ്റ്റ് എത്തുന്നത്. 4.70 ലക്ഷം മുതല്‍ 7.55 ലക്ഷമായിരിക്കും പുതിയ സ്വിഫ്റ്റിന്റെ ഇന്ത്യന്‍ വിപണി വില.






