
145 തീര്‍ഥാടകരുമായി കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം സൗദിയിലെത്തി. കണ്ണൂരില്‍ നിന്ന് ഒന്നും കോഴിക്കോട് നിന്ന് രണ്ടും ഹജ്ജ് വിമാനങ്ങളാണ് ഇന്ന് സര്‍വീസ് നടത്തിയത്. സൗദി സമയം പുലര്‍ച്ചെ 4:30-നാണ് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട കേരളത്തില്‍ നിന്നുള്ള ഹജ്ജ് വിമാനം ജിദ്ദയിലെത്തിയത്. ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം ജിദ്ദയില്‍ നിന്നും പുറപ്പെട്ട സംഘം 8 മണിയ്ക്ക് മക്കയിലെ അസീസിയയിലുള്ള താമസ സ്ഥലത്തെത്തി ചേര്‍ന്നു. മക്കയില്‍ ഹജ്ജ് സര്‍വീസ് ഏജന്‍സിയുടെയും മലയാളി സംഘടനകളുടെയും നേതൃത്വത്തില്‍ ഹൃദ്യമായ സ്വീകരണമാണ് തീര്‍ഥാടകര്‍ക്ക് നല്‍കിയത്.
ഹജ്ജ് സര്‍വീസ് ഏജന്‍സി പ്രതിനിധികള്‍ പ്രാര്‍ഥനയോടെ തീര്‍ഥാടകരെ സ്വീകരിച്ചു. മികച്ച സേവനങ്ങളും, സൗകര്യങ്ങളും അനുഭവിച്ച് പുണ്യഭൂമിയില്‍ എത്തിയ സന്തോഷത്തിലാണ് തീര്‍ഥാടകര്‍. കെഎംസിസി, ആര്‍എസ്സി, വിക്കായ, ഒഐസിസി, നവോദയ, തനിമ തുടങ്ങിയ മലയാളി സന്നദ്ധ സംഘടനാ പ്രതിനിധികളും തീര്‍ഥാടകരെ സ്വീകരിക്കാന്‍ മക്കയില്‍ ഉണ്ടായിരുന്നു.






