
ആരോഗ്യ സര്‍വകലാശാല സംസ്ഥാനത്തെ സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെ 450 എംബിബിഎസ് സീറ്റുകളുടെയും 11 മെഡിക്കല്‍ പിജി സീറ്റുകളുടെയും അംഗീകാരം നഷ്ടപ്പെട്ടതില്‍ ഇടപെടും. ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ മോഹനന് കുന്നുമ്മല്‍ ദേശീയ മെഡിക്കല്‍ കമ്മീഷനുമായി ഉടന്‍ തന്നെ ചര്‍ച്ച നടത്തുമെന്ന് വ്യക്തമാക്കി. മൂന്ന് മെഡിക്കല്‍ കോളേജുകളും സീറ്റ് നഷ്ടപ്പെടാനിടയായ അപാകതകള്‍ പരിഹരിക്കാമെന്ന് ആരോഗ്യ സര്‍വകലാശാലയെ അറിയിച്ച സാഹചര്യത്തിലാണിത്. മൂന്ന് സ്വകാര്യ മെഡിക്കല്‍ കോളേജുകളിലെയടക്കം 450 എംബിബിഎസ് സീറ്റുകളുടെ അംഗീകാരവും രണ്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ 11 മെഡിക്കല്‍ പിജി സീറ്റുകളുടെ അംഗീകാരവുമാണ് നഷ്ടപ്പെട്ടത്.
നാഷണല്‍ മെഡിക്കല്‍ കൗണ്‍സില്‍ മെഡിക്കല്‍ കോളേജുകള്‍ക്കെതിരെ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. തൃശൂര്‍ ജൂബിലി മെഡിക്കല്‍ മിഷന് ഹോസ്പിറ്റല്‍, തിരുവനന്തപുരം കാരക്കോണം സോമര്‍വെല്‍ മെമ്മോറിയല്‍ സിഎസ്ഐ മെഡിക്കല്‍ കോളേജ്, ശ്രീ ഗോകുലം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ പ്രശ്നങ്ങള്‍ പരിഹരിക്കുന്നത് വരെ കോഴ്സ് തുടരാനാവില്ല.
കാരക്കോണം സിഎസ്ഐ മെഡിക്കല്‍ കോളേജ്, ശ്രീഗോകുലം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ 150 വീതവും തൃശൂര്‍ ജൂബിലി മിഷന് മെഡിക്കല്‍ കോളേജിന്റെ 100 വീതം സീറ്റുകളുമാണ് നഷ്ടമാവുക. തിരുവനന്തപുരം എസ്.യു.ടി മെഡിക്കല്‍ സയന്‍സ് അക്കാദമിയുടെ 100 സീറ്റുകള്‍ 50 ആക്കി കുറച്ചു. നാഷണല്‍ മെഡിക്കല്‍ കമ്മിഷന് നിര്‍ദേശിച്ച കാര്യങ്ങള്‍ നടപ്പാക്കാത്തതും അധ്യാപകരുടെയും റെസിഡന്റ് ഡോക്ടര്‍മാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും കുറവും ചൂണ്ടിക്കാട്ടിയാണ് നടപടി. ദേശീയ മെഡിക്കല്‍ കമ്മീഷന് പ്രശ്നം പരിഹരിക്കാനുള്ള അവസരം നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കേരള ആരോഗ്യ സര്‍വ്വകലാശാല വിഷയം ചര്‍ച്ച ചെയ്യാന്‍ വിസി യോഗം വിളിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേശീയ മെഡിക്കല്‍ കമ്മീഷനുമായി ചര്‍ച്ചയ്ക്ക് ഒരുങ്ങുന്നത്.






