
പല തരം മോക്ഷണത്തെ കുറിച്ച് നമ്മള് കേട്ടിട്ടുണ്ടാകും. അങ്ങനെ ഒരു മോഷണത്തിനിടെ കുടുങ്ങി പോയ ഒരു കള്ളന്റെ കാര്യമാണ് ഇപ്പോള്‍ ചര്‍ച്ച ആകുന്നത്. മോഷണത്തിനായി ഒരു മൊബൈല്‍ കടയിലാണ് കള്ളന് കയറിയത്. കടയില്‍ സിസിടിവി ഉള്ളതിനാല്‍ മുഖം മറയ്ക്കാന്‍ വലിയൊരു കാര്‍ഡ്ബോര്‍ഡ് പെട്ടി കൊണ്ട് തല മൂടിയാണ് കള്ളന് മോഷണത്തിനായി എത്തിയത്.
കാര്‍ഡ്ബോര്‍ഡ് പെട്ടികൊണ്ട് മുഖം മറച്ചപ്പോള്, മോഷ്ടിക്കുന്നതിന്റെ ആവേശത്തില്‍ കള്ളന് ചെറിയൊരു അമളി പറ്റി. സിസിടിവിയില്‍ നിന്നും മുഖം മറച്ച് പിടിക്കാന്‍ വേണ്ടി ഉപയോഗിച്ച കാര്‍ഡ്ബോര്‍ഡ് കൊണ്ട് കള്ളന്റെ കാഴ്ച മറഞ്ഞു പോയപ്പോള്‍ കാര്‍ഡ്ബോര്‍ഡ് പതിയെ ഒന്ന് ഉയര്‍ത്തി. അപ്പോഴേക്കും കള്ളന്റെ മുഖം നല്ല വ്യക്തമായി തന്നെ സിസിടിവിയില്‍ പതിഞ്ഞു.
അമേരിക്കയിലെ മിയാമി ഗാര്ഡന് സ്റ്റേഷന് പരിധിയിലാണ് സംഭവം. കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കള്ളന്റെ മുഖം തിരിച്ചറിയാന്‍ കഴിഞ്ഞത്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ 4 മണിയോടെയാണ് കവര്‍ച്ച നടന്നതെന്നാണ് കടയുടമ ജെറമിയാസ് ബെര്‍ഗന്‍സ പറയുന്നത്. ഉടന്‍തന്നെ പൊലീസില്‍ വിവരം അറിയിക്കുകയും, സംഭവത്തെക്കുറിച്ചുള്ള വിശദമായ പരാതി പൊലീസ് സമര്‍പ്പിക്കുകയും ചെയ്തു. 19 ഐ ഫോണുകളും 8,000 യുഎസ് ഡോളറും കള്ളന് കവര്‍ന്നതായി കടയുടമ ജെറമിയാസ് പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നു. പരാതിയെ തുടര്‍ന്ന് മിയാമി ഗാര്‍ഡന്‍സ് പൊലീസ് ഉദ്യോഗസ്ഥര്‍ കള്ളനെ അറസ്റ്റ് ചെയ്തു.






