
കോഴിക്കോട് : കൊടുവളളിയില്‍ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. കൊടുവളളി സ്വദേശി കക്കോടന്‍ നസീര്‍ (42) ആണ് മരിച്ചത്. കിഴക്കോത്ത് പരപ്പാറ കുറുന്താറ്റില്‍ നിന്നാണ് നസീറിന് ഇടിമിന്നലേറ്റത്. സ്ഥലമിടപാടുമായി ബന്ധപ്പെട്ടാണ് നസീര്‍ അടക്കം മൂന്നു പേര് കിഴക്കോത്ത് എത്തിയത്.
കൂടെയുണ്ടായിരുന്ന രണ്ടു പേര്‍ക്കും മിന്നലേറ്റങ്കിലും ശാരീരിക പ്രശ്നങ്ങള്‍ ഇല്ല. മിന്നലേറ്റ് വീണ നസീർ എഴുന്നേറ്റ് തന്റെ കൈക്ക് എന്തെങ്കിലും പറ്റിയോ എന്ന് നോക്കാൻ സുഹൃത്തുക്കളോട് പറഞ്ഞു.
വീണ്ടും നിലത്തേക്ക് വീഴുകയും മരണം സംഭവിക്കുകയായിരുന്നുവെന്നുമാണ് സുഹൃത്തുക്കളിൽ നിന്നും ലഭിക്കുന്ന വിവരം. പോലീസ് സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികളാരംഭിച്ചു.
ഇടിമിന്നൽ–ജാഗ്രത നിർദ്ദേശങ്ങള്‍
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്.
കുട്ടികൾ ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.
ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യുകയുമരുത്.
ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകൾ പുറത്തിടാതിരിക്കുക.
ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പുകളിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.






