
പുതിയ സുപ്രധാന തീരുമാനവുമായി മുന്നോട്ടു വന്നിരിക്കുകയാണ് ഏഥര്‍ ഇലക്ട്രിക്. ഇലക്ട്രിക് സ്കൂട്ടര്‍ ഉപഭോക്താക്കളിലേക്ക് കൂടുതല്‍ എത്തിക്കാനായി 450X ഇലക്ട്രിക് സ്കൂട്ടറിനായി ഏഥര്‍ എനര്‍ജി ഒരു 60 മാസത്തെ വാഹന വായ്പ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്. വിപണിയില്‍ ആദ്യമായാണ് ഇത്രയും നീണ്ട കാലയളവിലേക്ക് ഇലക്ട്രിക് വാഹനത്തിന് ലോണ്‍ ഫെസിലിറ്റി ലഭിക്കുന്നത്. പുതുക്കിയ FAME II സബ്സിഡി നിയന്ത്രണങ്ങള്‍ കാരണം 450X ഇവിക്ക് വില വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ഈ തീരുമാനം. ഇതാദ്യമായാണ് ഇവി വ്യവസായത്തില്‍ അഞ്ച് വര്‍ഷത്തെ ഫിനാന്‍സ് സ്കീം കമ്പനി അവതരിപ്പിക്കുന്നത്.
പുതിയ അഞ്ച് വര്‍ഷത്തെ ലോണ്‍ ഓഫറിന് കീഴില്‍ പ്രതിമാസം വെറും 2,999 രൂപ നല്കിയാല് ഏഥര്‍ 450X വീട്ടിലെത്തിക്കാം. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തെ ലോണ്‍ വാഗ്ദാനം ചെയ്യുന്നതിനായി ഐഡിഎഫ്സി ഫസ്റ്റ്, ബജാജ് ഫിനാന്‍സ്, ഹീറോ ഫിന്‍കോര്‍പ്പ് എന്നിവയുമായാണ് ഏഥര്‍ എനര്‍ജി സഹകരണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കായി ഇന്ത്യയിലെ ബാങ്കുകളും എന്‍ബിഎഫ്സികളും നല്കുന്ന നിലവിലെ 36 മാസത്തെ ലോണ്‍ വിന്‍ഡോയില്‍ നിന്നുള്ള വലിയൊരു ചുവടുവയ്പ്പാണ് 60 മാസത്തെ വിന്‍ഡോ. ചില സാമ്പത്തിക സ്ഥാപനങ്ങള്‍ പ്രത്യേക സാഹചര്യങ്ങളില്‍ 48 മാസത്തെ വരെ ലോണ്‍ തിരിച്ചടക്കല്‍ കാലാവധി നല്‍കാറുണ്ട്.
ഇന്ത്യയില്‍ ഇവി സ്കൂട്ടറുകളുടെ വര്‍ദ്ധിച്ചു വരുന്ന ജനപ്രീതി, ദീര്‍ഘകാല കാലാവധിയുള്ള വാഹന വായ്പ ഉല്പന്നങ്ങളുടെ ആവശ്യകത അനിവാര്യമാക്കിയെന്ന് കമ്പനിയുടെ ചീഫ് ബിസിനസ് ഓഫീസര്‍ രവ്നീത് എസ് ഫൊകെല പറഞ്ഞു. അടുത്തിടെ കമ്പനി മോഡല്‍ നിരയില്‍ വില വര്‍ധനവ് പ്രഖ്യാപിച്ചത് പല ഉപഭോക്താക്കളെയും ഇവി എന്ന സ്വപ്നത്തില്‍ നിന്നും അകറ്റുമെന്ന് വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. 450X ലൈനപ്പിന്റെ ബേസ്, പ്രോ പായ്ക്ക് വേരിയന്റുകള്‍ക്ക് 20,500 രൂപ മുതല്‍ 30,000 രൂപ വരെയാണ് വില വര്‍ധന നടപ്പിലാക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി എക്സ്ഷോറൂം വിലകള്‍ ഇപ്പോള്‍ 1.45 ലക്ഷം മുതല്‍ 1.65 ലക്ഷം വരെ ഉയരുന്നു.
450X മോഡലിന്റെ വില കുറവുള്ള ഒരു എന്‍ട്രി ലെവല്‍ വേരിയന്റിനെ പുറത്തിറക്കിയും കമ്പനി പുതിയ നീക്കം നടത്തിയിരുന്നു. 450S എന്നുപേരിട്ടിരിക്കുന്ന മോഡലിന് 1.29 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഈ സ്കൂട്ടറിന്റെ വില പുതുക്കിയ FAME II പദ്ധതിക്ക് അനുസൃതമാണെന്നും പറയുന്നു. പുതിയ എന്‍ട്രി ലെവല്‍ ഇലക്ട്രിക് സ്കൂട്ടര്‍ 2023 ജൂലൈ മുതല്‍ ഇന്ത്യയിലുടനീളമുള്ള ഏഥര്‍ എക്സ്പീരിയന്‍സ് സെന്ററുകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് പ്രീ-ബുക്ക് ചെയ്യാം. ഒറ്റ ചാര്‍ജില്‍ 115 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 3 kWh ബാറ്ററി പായ്ക്കാണ് പുതിയ ഏഥര്‍ 450S പതിപ്പിന് തുടിപ്പേകുന്നത്.






