
കടുത്ത പുകയാല്‍ മൂടപ്പെട്ടിരിക്കുകയാണ് ന്യൂയോര്‍ക്ക് നഗരം. ഇതിനിടയിലാണ് ആകാശത്ത് അസാധാരണമായ ഒരു കാഴ്ച ആളുകള്‍ കണ്ടത്. കടുംചുവപ്പ് നിറത്തില്‍ സൂര്യന് ഉദിച്ചിരിക്കുകയാണ്. എന്നാല്‍ ഈ ഉണ്ടായ പ്രതിഭാസങ്ങള്‍ക്കെല്ലാം വിചിത്ര വാദവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു കൂട്ടം ആളുകള്‍. ഇതിനെല്ലാം പിന്നില്‍ അന്യഗ്രഹജീവികള്‍ ആണെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.
വാസ്തവത്തില്‍ കാനഡയിലെ ആല്ബട്ട, ബ്രിട്ടീഷ് കൊളംബിയ, സസ്കാച്ചവന്‍ എന്നീ പ്രവിശ്യകളില്‍ സംഭവിച്ച അന്‍പതോളം കാട്ടുതീകളില്‍ നിന്നുള്ള പുകയാണ് ന്യൂയോര്‍ക്കിനെയും മറ്റ് ചില യുഎസ് മേഖലകളെയും ബാധിച്ചിരിക്കുന്നത്. ശക്തമായി കത്തിക്കൊണ്ടിരിക്കുന്ന തീയിലൂടെ പുറത്ത് വന്ന പുകപടലങ്ങള്‍ ആകാശത്ത് നിറയുകയും ഇവ കാറ്റില്‍പെട്ട് രണ്ടായിരത്തിലധികം കിലോമീറ്റര്‍ സഞ്ചരിച്ച് യുഎസില്‍ എത്തുകയും ചെയ്തതാണ് ഈ പ്രതിഭാസത്തിന് കാരണമായത്. ഇവ ചെറിയ തരംഗദൈര്‍ഘ്യമുള്ള പ്രകാശരശ്മികളെ ചിതറിക്കുകയും ചുവപ്പ്, ഓറഞ്ച് തുടങ്ങിയ രശ്മികള്‍ ആകാശത്തു കൂടുതല്‍ മിഴിവോടെ കാണാന്‍ അവസരമൊരുക്കുകയും ചെയ്തു. ഇതാണ് ചുവന്ന നിറത്തിലുള്ള സൂര്യനു വഴിവച്ചത്.
എന്നാല്‍ ഇതൊന്നും വിശ്വാസമാകാത്ത ഒരു പക്ഷം ആളുകള്‍ കാനഡയില്‍ അന്യഗ്രഹജീവികളാണ് കാട്ടുതീ പടര്‍ത്തിയതെന്ന് വാദിക്കുകയാണ്. വാദിക്കുക മാത്രമല്ല പലരും ഇത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുന്നുമുണ്ട്. അന്യഗ്രഹപേടകം കാട്ടില്‍ തകര്‍ന്നു വീണതുകൊണ്ടാണ് തീ ഉണ്ടായതെന്ന് ഒരു കൂട്ടര് വാദിക്കുമ്പോള്‍ തങ്ങളുടെ സന്ദര്‍ശനം ആരും അറിയാതെ ഇരിക്കാന്‍ അന്യഗ്രഹജീവികള്‍ തന്നെ പുക പടര്ത്തിയതാണെന്നാണ് മറ്റൊരു കൂട്ടര് അവകാശപ്പെടുന്നത്.






