
നിരവധി അവിസ്മരണീയ കഥാപാത്രങ്ങളെ സമ്മാനിച്ച സുകുമാരൻ ഓര്‍മ്മയായിട്ട് ഇന്ന് 26 വര്‍ഷങ്ങള്‍ തികയുകയാണ്. ജീവിതത്തിലും സിനിമയിലും യാതൊരു തരത്തിലുള്ള ബന്ധനങ്ങളും ഇഷ്ടപ്പെടാത്ത സുകുമാരനെ ഓർമിക്കുകയാണ് അദ്ദേഹത്തിന്റെ ഓർമദിനത്തിൽ മലയാള സിനിമാ ലോകം. സുകുമാരന്റെ ഭാര്യയും അഭിനേത്രിയുമായ മല്ലിക സുകുമാരനും ആ വേര്‍പാടിന്റെ സങ്കടം വരികളിലൂടെ കുറിച്ചിട്ടുണ്ട്. ‘‘എപ്പോഴും ഞങ്ങളുടെ കൂടെയുണ്ട്, എന്റെ ഹീറോ...ജീവിതം വളരെ വിരോധാഭാസമാണ്..സന്തോഷം എന്തെന്നറിയാൻ സങ്കടവും നിശബ്ദതയെ വിലമതിക്കാൻ ശബ്ദവും സാന്നിധ്യത്തെ വിലമതിക്കാൻ അസാന്നിധ്യവും ആവശ്യമാണ്.
ഈ അനുഗ്രഹീത ആത്മാവിന്റെ നിശബ്ദ സാന്നിധ്യം എന്നെയും എന്റെ കുട്ടികളെയും സമാധാനപരവും അർത്ഥപൂർണ്ണവും വിജയകരവുമായ ജീവിതം നയിക്കാൻ സഹായിക്കട്ടെ.
അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ....’’ എന്നാണ് സുകുമാരന്റെ ചിത്രത്തിനൊപ്പം മല്ലിക കുറിച്ചിരിക്കുന്നത്. അഭിനയത്തില്‍ ഇപ്പോഴും സജീവമാണ് മല്ലിക. മക്കളായ പൃഥ്വിരാജും ഇന്ദ്രജിത്തും മലയാള സിനിമയില്‍ തിളങ്ങി നില്ക്കുന്ന താരനക്ഷത്രങ്ങളാണ്. ഇവരുടെ ഓരോ വിശേഷങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും വേണ്ടി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.






