
ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണുന്നതിനായി സഞ്ചാരികളുമായി പോയി കാണാതായ അന്തര്‍വാഹിനിയില്‍ പാകിസ്ഥാനിലെ ഏറ്റവും വലിയ ധനികരില്‍ ഒരാളായ ഷഹ്സാദ ദാവൂദും, അദ്ദേഹത്തിന്റെ മകന് സുലൈമാന്‍ ദാവൂദും. എട്ട് ദിവസത്തെ പര്യടനത്തിനായി കഴിഞ്ഞ ഞായറാഴ്ചയാണ് അന്തര്‍വാഹിനി യാത്ര തിരിച്ചത്.
പ്രിന്‍സ് ട്രസ്റ്റ് ചാരിറ്റിയുടെ യുകെ ആസ്ഥാനമായുള്ള ബോര്‍ഡ് അംഗമാണ് ഷഹ്സാദ ദാവൂദ്. കറാച്ചി ആസ്ഥാനമായ എന്‍ഗ്രോയുടെ വൈസ് ചെയര്മാന് കൂടിയാണ് ഷഹ്സാദ ദാവൂദ്. ഷഹ്സാദയുടെ കുടുംബത്തിന് യുകെയുമായി ശക്തമായ ബന്ധമുണ്ട്. ഷഹ്സാദയുടെ പിതാവായ ഹുസ്സൈന്‍ ദാവൂദ് സ്ഥിരമായി പാകിസ്ഥാനിലെ ധനികരുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന ആളാണ്. എനര്‍ജി, കൃഷി, പെട്രോകെമിക്കല്‍സ്, ടെലികമ്മ്യൂണിക്കേഷന്‍ എന്നിവയില്‍ എന്‍ഗ്രോയ്ക്ക് വലിയ നിക്ഷേപമാണുള്ളത്.
അറ്റ്ലാന്റിക് സമുദ്രത്തില്‍ കാണാതായ അന്തര്‍വാഹിനിയില്‍ ബ്രിട്ടീഷ് കോടീശ്വരനും വ്യവസായിയും പൈലറ്റും ബഹിരാകാശ വിനോദസഞ്ചാരിയുമായ ഹാമിഷ് ഹാര്‍ഡിംഗ്, ഫ്രഞ്ച് മുങ്ങല്‍ വിദഗ്ധനും ടൈറ്റാനിക് വിദഗ്ധനുമായ പോള്‍-ഹെന്റി നര്‍ജിയോലെറ്റ്, പാകിസ്ഥാന് വ്യവസായിയായ ഷഹ്സാദ ദാവൂദും മകന് സുലൈമാന്‍ ദാവൂദും എന്നിവര്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചു.
ഷഹ്സാദയുടെ ഭാര്യ ക്രിസ്റ്റീനും മകള്‍ അലീനയും മറ്റ് കുടുംബാംഗങ്ങളും ഇരുവരെയും കുറിച്ചുള്ള വാര്‍ത്തകള്‍ക്കായുള്ള കാത്തിരിപ്പിലാണ്. കാണാതായ അന്തര്‍വാഹിനിക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. അന്തര്‍വാഹിനിയില്‍ ഒരു ദിവസത്തേക്കുള്ള ഓക്സിജന്‍ മാത്രമാണ് അതില്‍ അവശേഷിയ്ക്കുന്നത്. ഓഷന്‍ഗേറ്റ് കമ്പനിയുടെ പേരിലുള്ള 6.5 മീറ്റര്‍ വരുന്ന അന്തര്‍വാഹിനി ഞായറാഴ്ചയാണ് യാത്ര തുടങ്ങിയത്.






