
വളരെ സെലക്ടീവായ സിനിമകളിലൂടെ പ്രേക്ഷക ഹൃദയം കൈയ്യടക്കുകയാണ് നടി ശ്രുതി രാമചന്ദ്രൻ. സിനിമയിൽ എത്തുന്നതിന് മുൻപ് ആർക്കിടെക്ട് ആയിരുന്നു ശ്രുതി. ഇപ്പോഴിതാ നടി വിൻസി അലോഷ്യസിന്റെ പ്രൊഫസർ ആയിരുന്നു താനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ശ്രുതി. വിൻസി റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന സമയത്ത് കൊച്ചിയിലെ ആർക്കിടെക്ച്ചർ കോളേജിലെ വിദ്യാർത്ഥിയായിരുന്നു.
പ്രൊഫസർ ശ്രുതി രാമചന്ദ്രൻ സ്ട്രിക്ട് ആണോയെന്ന് അവതാരക ചോദിക്കുമ്പോൾ ആയിരുന്നു എന്നാണ് ശ്രുതി മറുപടി പറയുന്നത്. ഇതിന് പിന്നാലെയാണ് 'ഞാൻ വിൻസിയുടെ പ്രൊഫസറായിരുന്നു'വെന്നാണ് ശ്രുതി പറയുന്നത്. 'വിൻസി അലോഷ്യസിന്റെ ടീച്ചർ ആയിരുന്നു ഞാൻ. വിൻസിയുടെ അഭിപ്രായത്തിൽ ഞാൻ വളരെ സ്ട്രിക്ട് ആയിട്ടുള്ള പ്രൊഫസർ ആയിരുന്നു' എന്നാണ് ശ്രുതി പറയുന്നത്.
തമിഴ്നാട്ടിലെ ചെന്നൈയിലാണ് ശ്രുതി രാമചന്ദ്രൻ ജനിച്ചതെങ്കിലും ആളൊരു മലയാളി കൂടിയാണ്. സ്കൂൾ പഠന കാലത്ത് കേരളത്തിലെത്തിയ ശ്രുതി നിലവിൽ കൊച്ചിക്കാരിയാണ്. 2016ൽ ജയസൂര്യ നായകനായെത്തിയ പ്രേതം എന്ന ചിത്രത്തിലെ ശ്രുതിയുടെ അഭിനയം ശ്രദ്ധേയമായിരുന്നു. തുടർന്ന് ആസിഫ് അലി നായകനായെത്തിയ സൺഡേ ഹോളിഡേ എന്ന ചിത്രത്തിലെ പ്രകടനമാണ് ശ്രുതിയുടെ കരിയറിൽ വഴിത്തിരിവായത്.
നായിക-നായകൻ റിയാലിറ്റി ഷോയിലൂടെയാണ് വിൻസിയെ പ്രേക്ഷകർ അറിയുന്നത്. പിന്നീട് 'വികൃതി' എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയ വിൻസി, 'കനകം കാമിനി കലഹം', 'ഭീമന്റെ വഴി', 'ജനഗണമന', 'രേഖ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടുകയായിരുന്നു.






