
വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ മലയാളസിനിമാരംഗത്തേക്കെത്തി പിന്നീട് ഷീ ടാക്സി, പട്ടാഭിരാമന്‍ എന്ന സിനിമകളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരമാണ് ഷീലു എബ്രഹാം. അഭിനയമെന്ന പോലെ ബിസിനസ്സ് രംഗത്തും തിളങ്ങി നില്‍ക്കുന്ന താരമാണ് ഷീലു. മലയാള സിനിമയിലെ സജീവമായ നിര്‍മ്മാണ കമ്പനികളില്‍ ഒന്നായ അബാം മൂവീസ് ഷീലുവിന്റെ ഭര്‍ത്താവ് എബ്രഹാം മാത്യുവിന്റേതാണ്. മോഹൻലാൽ ചിത്രമായ കനൽ, ദുൽഖർ ചിത്രം സോളോ, ഷീ ടാക്സി, പട്ടാഭിരാമൻ തുടങ്ങി നിരവധി സിനിമകളാണ് അബാം മൂവീസിന്റെ ബാനറിൽ ഷീലു എബ്രഹാം നിർമിച്ചിട്ടുള്ളത്. രവീന്ദ്രാ നീ എവിടെ, മച്ചാന്‍റെ മാലാഖ എന്നിവയാണ് അബാം മൂവീസ് നിര്‍മ്മിച്ച അവസാനത്തെ രണ്ട് ചിത്രങ്ങള്‍.
ഇപ്പോഴിതാ സിനിമാ നിർമ്മാണത്തിലും ബിസിനസ് രംഗത്തും വലിയ തിരിച്ചടികള്‍ നേരിട്ടിട്ടും തളരാതെ മുന്നോട്ട് പോകുന്നതിനെക്കുറിച്ച് മനസ്സു തുറക്കുകയാണ് ഷീലു എബ്രഹാം. അബാം മൂവീസ് നിര്‍മ്മിച്ച അവസാനത്തെ രണ്ട് ചിത്രങ്ങള്‍ 12.50 കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്ക് വരുത്തിയതെന്നും എങ്കിലുമത് തങ്ങളുടെ കുടുംബത്തെയോ മറ്റ് ബിസിനസുകളെയോ സാമ്പത്തിക സ്ഥിതിയെയോ ബാധിച്ചിട്ടില്ലെന്നും പറയുകയാണ് ഷീലു. സിനിമകളുടെ പേര് പരാമര്‍ശിക്കാതെയാണ് ഷീലു ഇക്കാര്യം പറഞ്ഞത്.
‘‘ഞങ്ങൾ ഇത്ര സിനിമകൾ ചെയ്തു. അതിൽ അവസാനം ചെയ്ത രണ്ട് സിനിമകൾ ഫ്ലോപ്പ് ആണ്. ബിസിനസ് പോലും നടക്കാത്ത സിനിമകളാണ്. ആ രണ്ട് സിനിമകളിലൂടെ ഞങ്ങൾക്ക് നഷ്ടപ്പെട്ടത് ഓൾമോസ്റ്റ് ഒരു പന്ത്രണ്ടര കോടിയാണ്. പക്ഷെ ആ നഷ്ടം ഞങ്ങളുടെ ബിസിനസിനെയോ കുടുംബത്തെയോ സാമ്പത്തിക സ്ഥിതിയെയോ ബാധിച്ചിട്ടില്ല. നഷ്ടം പുള്ളിക്ക് (ഭർത്താവ് എബ്രഹാം മാത്യു) വിഷമമാണ്. അത്രയും കോടികൾ ഉണ്ടാക്കണമെങ്കിൽ തീർച്ചയായിട്ടും പുള്ളി വീണ്ടും ശ്രമിക്കണം. പക്ഷെ അപ്പോഴും നമ്മളെ അത് ബാധിക്കില്ല. അത് എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ ഒരു സൈഡിൽ പുള്ളി ഉണ്ടാക്കിവച്ചിരിക്കുന്ന സ്ട്രോംഗ് ആയിട്ടുള്ള ഒരു ബേസ് ഉണ്ട്.
നമ്മൾ സിനിമ ചെയ്യുന്നുണ്ടെങ്കിൽ അതിനു വേണ്ടി നമ്മൾ ആ അടിത്തറയിൽ തൊട്ടുള്ള പൈസ അല്ല ഉപയോഗിക്കുന്നത്. പിന്നെ ആരോടും കടം മേടിച്ചിട്ടല്ല ഒന്നും ചെയ്യുന്നത്. 15 വർഷമായിട്ട് സിനിമ ചെയ്യുന്നു.15 സിനിമകൾ ചെയ്തു. 13 എണ്ണവും നമുക്ക് നഷ്ടമൊന്നുമല്ല. നമ്മൾ അത്യാവശ്യം ഓക്കെ ആയിരുന്നു. ഈ രണ്ട് സിനിമകളാണ് ലോസ് വന്നിരിക്കുന്നത്. പക്ഷെ സിനിമയിൽ നിന്ന് ഒന്നും ഉണ്ടാക്കിയിട്ടൊന്നുമില്ല. സിനിമ എപ്പോഴും അങ്ങനെയാണ്. സിനിമയിൽ നിന്ന് നമ്മൾ ഭയങ്കര സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താം എന്ന് വിചാരിച്ചാൽ, എനിക്ക് തോന്നുന്നു ഒരു 500 പ്രൊഡ്യൂസേഴ്സിൽ 10 പേർക്കോ മറ്റോ ആയിരിക്കും അത് ഉണ്ടായിരിക്കുന്നത്.
കൊറോണ സമയത്ത് ഞങ്ങളുടെ ആറ് ഹോട്ടലുകളും ഷട്ട് ഡൗൺ ചെയ്യേണ്ടി വന്നു. മുംബൈയിലുള്ള ബിസിനസ് കംപ്ലീറ്റ്ലി ഓഫ് ആയിപ്പോയി. നമുക്ക് ആകെപ്പാടെ ഉണ്ടായിരുന്നത് നമ്മൾ ഇവിടെ കൊടുത്തിരിക്കുന്ന കുറച്ച് കെട്ടിടങ്ങളിൽ നിന്ന് കിട്ടുന്ന വാടകയായിരുന്നു. അതും ആ കമ്പനികൾ വീണപ്പോൾ വാടക പോലും കിട്ടാതായി. അപ്പോഴും ഞങ്ങളുടെ 450 സ്റ്റാഫിന് ഞങ്ങൾ കൃത്യമായിട്ട് ശമ്പളം കൊടുത്തുകൊണ്ടിരുന്നു. ഒരു വർഷം ഒക്കെ കഴിഞ്ഞപ്പോൾ ഇത്ര ശതമാനം കട്ട് ചെയ്തിട്ട് കൊടുക്കാൻ തുടങ്ങി. പക്ഷേ അപ്പോഴും ഞങ്ങളെ നിലനിർത്തിയത് എന്റെ ഹസ്ബൻഡ് ഉണ്ടാക്കിവെച്ച ഒരു ബേസ് ആയിരുന്നു. അ ഫിക്സഡ് ഡെപ്പോസിറ്റ് പൊട്ടിച്ചിട്ട് ശമ്പളം കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു...’’ ഷീലു എബ്രഹാം പറഞ്ഞു. തന്റെ ഭർത്താവ് എബ്രഹാം മാത്യുവിന്റെ ബിസിനസ് തന്ത്രങ്ങളും ദീർഘവീക്ഷണവുമാണ് പ്രതിസന്ധികളില്‍ തങ്ങളെ തുണയ്ക്കുന്നതെന്ന് ഷീലുവിന്റെ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. ഒരു സ്വകാര്യ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷീലു ഇക്കാര്യം പറഞ്ഞത്. മുമ്പും സിനിമാ നിര്‍മ്മാണം വഴിയുണ്ടായ നഷ്ടങ്ങളെക്കുറിച്ച് തമാശ രൂപത്തില്‍ ഷീലു പറഞ്ഞിട്ടുണ്ട്.






