
അഭിനയജീവിതത്തിന്റെ തുടക്കകാലത്ത് താൻ നേരിട്ട കാസ്റ്റിങ് കൗച്ച് അനുഭവം വെളിപ്പെടുത്തി നടി മാൻവി ഗാഗ്രു. 'ടു ഗേൾസ് ആൻഡ് ടു കപ്പ്സ്' എന്ന പോഡ്കാസ്റ്റിലാണ് മാൻവി ഇക്കാര്യം തുറന്നുപറഞ്ഞത്.
"ഞാൻ എന്റെ അഭിനയജീവിതത്തിന്റെ തുടക്കത്തിലായിരുന്നു. അന്നൊരു ദിവസം എനിക്കൊരു ടെക്സ്റ്റ് മെസേജ് വന്നു. പുതിയ സിനിമയിൽ അവസരത്തിനായി ഒരു ലക്ഷം രൂപ തരാം, പകരം 'വിട്ടുവീഴ്ച' ചെയ്യണം എന്നായിരുന്നു ആ മെസേജിലെ വാഗ്ദാനം. എന്നാൽ അന്ന് അതിന്റെ അർഥമെന്താണെന്ന് എനിക്ക് മനസിലായില്ല. അതുകൊണ്ടുതന്നെ ആ മെസേജ് എന്നിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കി.
'എന്റെ കരിയറിന്റെ തുടക്കകാലമായിരുന്നു അത്, വിട്ടുവീഴ്ച ചെയ്യണമെന്നോ?' എന്ന് ഞാൻ അയാൾക്ക് മറുപടി നൽകി. കാരണം അതിന്റെ അർഥം അന്ന് എനിക്ക് അറിയില്ലായിരുന്നു. തുടർന്ന് ആ മെസേജ് എന്റെ മെന്ററെപ്പോലെ കരുതുന്ന കാസ്റ്റിങ് ഡയറക്ടറെ കാണിച്ചു. മെസേജ് ഉടൻ ഡിലീറ്റ് ചെയ്യാനും ആ നമ്പർ ബ്ലോക്ക് ചെയ്യാനും അദ്ദേഹം എന്നോട് നിർദ്ദേശിച്ചു," മാൻവി പറഞ്ഞു.
രേഖാമൂലമുള്ള തെളിവാകുമെന്നതിനാൽ ഇത്തരം കാര്യങ്ങൾ ആളുകൾ സാധാരണരീതിയിൽ മെസേജിലൂടെ ആവശ്യപ്പെടാറില്ല. അതുകൊണ്ടുതന്നെ അത്തരമൊരു ടെക്സ്റ്റ് മെസേജ് ലഭിച്ചത് തന്നെ അതിശയിപ്പിച്ചുവെന്നും അവർ പറഞ്ഞു. അത്തരം ആളുകൾ ഫോണിലൂടെ കാര്യം പറയുകയാണ് പതിവ്. അങ്ങനെ ചെയ്താൽ ആർക്കും പരാതിപ്പെടാൻ കഴിയില്ലല്ലോ. അതിനാൽ ഈ മെസേജ് തന്നെ ശരിക്കും അതിശയിപ്പിച്ചുവെന്ന് മാൻവി കൂട്ടിച്ചേർത്തു.
'വിട്ടുവീഴ്ച ചെയ്യണം' എന്ന് പറഞ്ഞതിനെ അന്ന് താൻ വളരെ നിഷ്കളങ്കമായാണ് കണ്ടത്. ജിഎസ്ടി പോലുള്ള സാമ്പത്തികവുമായി ബന്ധപ്പെട്ട എന്തെങ്കിലും കാര്യമാകും അതുകൊണ്ട് ഉദ്ദേശിച്ചതെന്നാണ് താൻ അന്ന് കരുതിയത്. അതേക്കുറിച്ച് തനിക്ക് ഒരു ധാരണയുമില്ലായിരുന്നുവെന്നും താരം പറഞ്ഞു. നെപ്പോ കിഡ് അല്ലാത്ത പുതുമുഖങ്ങൾക്ക് സംഭവിക്കുന്നത് ഇതാണ്. ഇതെല്ലാം മറികടന്ന് മുന്നോട്ട് പോവുകയെന്നത് എളുപ്പമല്ല," മാൻവി വ്യക്തമാക്കി.






