
വാണിജ്യ ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ഒമേഗ സെയ്കി മൊബിലിറ്റി സ്ട്രീം സിറ്റി ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ ATR, 8.5 എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുകയാണ്. സ്വാപ്പബിള്‍ ബാറ്ററിയുമായി വരുന്ന ഒമേഗ സെയ്കി സ്ട്രീം സിറ്റി ATR പതിപ്പിന് 1.85 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരുന്നത്. ഫിക്സഡ് ബാറ്ററിയുമായി വരുന്ന സ്ട്രീം സിറ്റി 8.5 റിക്ഷകള്‍ക്ക് 3.01 ലക്ഷം രൂപയും എക്സ്ഷോറൂം വില നല്‍കണം. ഇലക്ട്രിക് പാസഞ്ചര്‍ മൊബിലിറ്റി വാഹന നിര വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ രണ്ട് ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ വിപണിയിലെത്തിച്ചിരിക്കുന്നത്.
സ്ട്രീം സിറ്റി ATR വേരിയന്റിന് 6.3kWh ബാറ്ററി പായ്ക്കാണ് തുടിപ്പേകുന്നത്. ഇത് സാധാരണ ഓണ്‍-റോഡ് സാഹചര്യങ്ങളില്‍ 80 കിലോമീറ്റര്‍ വരെ റേഞ്ച് നല്കാന് പ്രാപ്തമാണ്. അതേസമയം സ്ട്രീം സിറ്റി 8.5 പതിപ്പിന് 117 കിലോമീറ്റര്‍ ഓണ്‍-റോഡ് റേഞ്ച് നല്കുന്ന ഒരു നിശ്ചിത 8.5kWh ബാറ്ററി പായ്ക്കാണ് ഒമേഗ സെയ്കി മൊബിലിറ്റി ഒരുക്കിയിരിക്കുന്നത്. 8.5 മോഡല്‍ വീട്ടില്‍ തന്നെ ചാര്‍ജ് ചെയ്യാം എന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ്. പൂര്‍ണ ചാര്‍ജിനായി ഏതാണ്ട് 4 മണിക്കൂര്‍ സമയമാണ് വേണ്ടിവരിക.
ഒമേഗ സെയ്കി മൊബിലിറ്റി സ്ട്രീം സിറ്റിയുടെ രണ്ട് പതിപ്പുകളും 12.8 bhp കരുത്തില്‍ ഏതാണ്ട് 430 Nm torque വരെ പുറപ്പെടുവിക്കുന്ന ഒരൊറ്റ ഇലക്ട്രിക് മോട്ടോറാണ് ഉപയോഗിക്കുന്നത്. ഒമേഗ സെയ്കി മൊബിലിറ്റി സ്ട്രീം സിറ്റി ഓട്ടോറിക്ഷ മോഡലുകള്‍ക്ക് മണിക്കൂറില്‍ 48 കിലോമീറ്റര്‍ വേഗത വരെ പുറത്തെടുക്കാനാവും. സ്ട്രീം സിറ്റി ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് 2,800 mm നീളവും 1,320 mm വീതിയും 1,802 mm വീതിയും 1,940 mm നീളമുള്ള വീല്‍ബേസുമുണ്ട്. അതേസമയം 175 mm ഗ്രൗണ്ട് ക്ലിയറന്‍സും 451 കിലോഗ്രാം ഭാരവുമുള്ള ഇവയ്ക്ക് 3 + 1 എന്ന അതിമനോഹരമായ സീറ്റിംഗ് കപ്പാസിറ്റിയുമുണ്ടെന്നും ഒമേഗ സെയ്കി മൊബിലിറ്റി പറയുന്നു.






