
കൊല്ലം സുധിക്കൊപ്പം വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മിമിക്രി കലാകാരന് മഹേഷ് കുഞ്ഞുമോന് ജീവിത്തിലേക്ക് തിരിച്ചെത്തുന്നു. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് മഹേഷ് തന്റെ ഇപ്പോഴത്തെ ആരോഗ്യസ്ഥിതി വെളിപ്പെടുത്തിയത്. മിമിക്രി കലാകാരന് കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ മഹേഷ് കുഞ്ഞുമോന്റെ മുഖത്തും പല്ലുകള്‍ക്കും ഗുരുതരമായി പരുക്ക് പറ്റിയിരുന്നു. മുഖത്തെ പരിക്കുകള്‍ക്കായി ഒന്‍പതു മണിക്കൂര്‍ നീളുന്ന ശസ്ത്രക്രിയയ്ക്കാണ് മഹേഷ് വിധേയനായത്.
ശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിച്ചു വരുന്ന മഹേഷ് ഇതാദ്യമായാണ് ക്യാമറയ്ക്കുമുന്നില്‍ എത്തിയത്. താന്‍ അടിപൊളിയായി തിരിച്ചു വരുമെന്നും ഇതുവരെ പിന്തുണയായിരുന്നവര് ഇനിയും തനിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്നും മഹേഷ് പറയുന്നു.
എനിക്കുവേണ്ടി പ്രാര്‍ഥിച്ച എല്ലാവരോടും ഞാന്‍ നന്ദി പറയുകയാണ്. ഞാന്‍ മിമിക്രി ആര്‍ട്ടിസ്റ്റും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമാണ് എല്ലാവര്ക്കും അറിയാം മിമിക്രിയാണ് എന്റെ ജീവിതം. മിമിക്രിയിലൂടെയാണ് നിങ്ങള്‍ എല്ലാവരും എന്നെ തിരിച്ചറിഞ്ഞതും ഇഷ്ടപ്പെട്ടതും. ഇനി കുറച്ചു നാളത്തേക്ക് റെസ്റ്റാണ്. നിങ്ങള്‍ ആരും വിഷമിക്കേണ്ട പഴയതിനെക്കാള്‍ അടിപൊളിയായി ഞാന്‍ തിരിച്ചു വരും. അപ്പോഴും നിങ്ങള്‍ എല്ലാവരും എന്റെ കൂടെ ഉണ്ടാകണം. എന്നെ പിന്തുണയ്ക്കണം എനിക്ക് വേണ്ടി പ്രാര്‍ഥിച്ച എല്ലാവരോടും ഞാന്‍ ഒരിക്കല്‍ കൂടി നന്ദി പറയുകയാണ്-മഹേഷ് പറഞ്ഞു.
ജൂണ്‍ നാലിന് കോഴിക്കോട് വടകരയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെയാണ് കൊല്ലം സുധിയും ,ബിനു അടിമാലിയും , മഹേഷ് കുഞ്ഞുമോനും, ഉല്ലാസ് അരൂരും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെടുന്നത്. അപകടത്തില്‍ കൊല്ലം സുധിക്ക് ജീവന് നഷ്ടപ്പെടുകയും മഹേഷ് കുഞ്ഞുമോന്, ബിനു അടിമാലി എന്നിവര്‍ക്ക് ഗുരുതരപരിക്കുകള്‍ സംഭവിക്കുകയും ചെയ്തു. ചികിത്സയില്‍ കഴിയുന്ന ബിനു അടിമാലിയും ഉല്ലാസ് അരൂരും സുഖം പ്രാിച്ചു വരികയാണ്.






